അദ്ധ്യായം.18
1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: 2 “നീ എഴുന്നേറ്റ് കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ച് ഞാൻ നിന്നെ എന്റെ വചനങ്ങൾ കേൾപ്പിക്കും”. 3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു. 4 കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രം അവന്റെ കൈയിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു യുക്തമെന്നു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു. 5 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 6 “യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യുവാൻ കഴിയുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു. 7 ഞാൻ ഒരു ജനതയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ ‘അതിനെ ഉന്മൂലനം ചെയ്ത് എറിഞ്ഞ് നശിപ്പിച്ചുകളയും’ എന്നരുളിച്ചെയ്തശേഷം, 8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജനത അതിന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും. 9 ഒരു ജനതയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ‘ഞാൻ അതിനെ പണിയുകയും നടുകയും ചെയ്യും’ എന്നരുളിച്ചെയ്തിട്ട് 10 അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ ‘അവർക്കു വരുത്തും’ എന്നരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും. 11 അതിനാൽ നീ ചെന്ന് യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർത്ഥം ചിന്തിച്ച്, നിങ്ങൾക്കു വിരോധമായി ഒരു പദ്ധതി നിനച്ചിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ”. 12 അതിന് അവർ: “ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും” എന്ന് പറഞ്ഞു. 13 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ ഇടയിൽ ചെന്ന് അന്വേഷിക്കുവിൻ; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു. 14 ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ? 15 എന്റെ ജനമോ, എന്നെ മറന്ന് മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നെ, അവർ അവരെ ഇടറിവീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു; 16 അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏതൊരുവനും സ്തംഭിച്ചു തലകുലുക്കും. 17 കിഴക്കൻ കാറ്റിലെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്ക് എന്റെ മുഖമല്ല, പുറമത്രേ കാണിക്കുന്നത്”. 18 എന്നാൽ അവർ: “വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെവരുകയില്ല; വരുവിൻ നമുക്ക് അവനെ നാവുകൊണ്ട് തകർക്കാം; അവന്റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത്” എന്നു പറഞ്ഞു. 19 “യഹോവേ, എനിക്കു ചെവിതന്ന് എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കണമേ. 20 നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ തിരുമുമ്പിൽ നിന്നത് ഓർക്കണമേ. 21 അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ. 22 അങ്ങ് പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; എന്റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ. 23 യഹോവേ, എന്റെ മരണത്തിനുവേണ്ടിയുള്ള അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; അവിടുത്തെ കോപത്തിന്റെ കാലത്തു തന്നെ അവരോടു പ്രവർത്തിക്കണമേ”.