ചോദ്യം: ആരാണ്‌ പരിശുദ്ധാത്മാവ്‌?

ഉത്തരം:
പരിശുദ്ധാത്മാവിനെപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. ചിലര്‍ പരിശുദ്ധാത്മാവിനെ ഒരു അദൃശ്യ ശക്തിയായി മാത്രം കാണുന്നു. മറ്റുചിലര്‍ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ അനുഗാമികള്‍ക്ക്‌ ദൈവം കൊടുക്കുന്ന ആളത്വമില്ലാത്ത ഒരു പ്രേരകശക്തിയായി കാണുന്നു. പരിശുദ്ധാത്മാവിന്റെ വ്യക്തിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ്‌ പറയുന്നത്‌? എളുപ്പത്തില്‍ പറഞ്ഞാല്‍ പരിശുദ്ധാത്മാവ്‌ ദൈവമാണെന്ന് വേദപുസ്തകം പറയുന്നു. മനസ്സും, വികാരവും, ഇച്ഛാശക്തിയുമുള്ള ഒരു വ്യക്തിയാണ്‌ പരിശുദ്ധാത്മാവെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അപ്പോ.5:3-4 ഉള്‍പ്പെടെ പലവേദഭാഗങ്ങള്‍ പ്രിശുദ്ധാത്മാവ്‌ ദൈവമാണെന്ന് പഠിപ്പിക്കുന്നു.

ഈ വാക്യത്തില്‍ പത്രോസ്‌ അനന്യാസിനോടു ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക: "മനുഷരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്‌". ആദ്യത്തെ വാക്യത്തില്‍ "പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാന്‍ സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയത്‌ എന്ത്‌?" എന്ന്‌ വായിക്കുന്നു. ഇവിടെ വ്യക്തമാകുന്ന സത്യം പരിശുദ്ധാത്മാവിനോടുള്ള വ്യാജം ദൈവത്തോടുള്ള വ്യാജമാണ്‌ എന്നാണ്‌.

മാത്രമല്ല പരിശുദ്ധാത്മാവിന്‌ ദൈവത്തിന്റെ സ്വഭാവവും ഗുണാതിശയങ്ങളും ഉള്ളതുകൊണ്ട്‌ പരിശുദ്ധാത്മാവ്‌ ദൈവമാണെന്ന്‌ നമുക്കു മനസ്സിലാക്കാം. ഉദ്ദാഹരണമായി പരിശുദ്ധാത്മാവ്‌ സര്‍വവ്യാപി ആണെന്ന്‌ സങ്കീ.139:7-8 വാക്യങ്ങളില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാം. "നിന്റെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്കു ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്‌; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്‌". 1കൊരി. 2:10-11 ല്‍ നിന്ന്‌ പരിശുദ്ധാത്മാവ്‌ സര്‍വജ്ഞാനിയാണ്‌ എന്ന്‌ മനസ്സിലാക്കവുന്നതാണ്‌. "ആത്മാവ്‌ സകലത്തേയും ദൈവത്തിന്റെ ആഴങ്ങളേയും ആരായുന്നു. മനുഷനിലുള്ളത്‌ അവനിലെ മനുഷാത്മാവല്ലാതെ മനുഷരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്തിലുള്ളത്‌ ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല".

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ മനസ്സും, വികാരങ്ങളും, ഇച്ഛാശക്തിയും ഉള്ളതിനാല്‍ പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണ്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. പരിശുദ്ധാത്മാവ്‌ ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു (1കൊരി.2:10). പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ സാധിക്കും (എഫേ.4:30). പരിശുദ്ധാത്മാവ്‌ നമുക്കായി പക്ഷവാദം ചെയ്യുന്നു (റോമ.8:26-27). പരിശുദ്ധാത്മാവ്‌ തന്റെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കുന്നു (1കൊരി.12:7-11). ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിയാണ്‌ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവ്‌ ദൈവം ആയതുകൊണ്ട്‌ യേശുകര്‍ത്താവു പറഞ്ഞതുപോലെ മറ്റൊരു കാര്യസ്ഥനായി പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും (യോഹ.14:16,26; 15:26).



ചോദ്യം: എപ്പോള്‍/എങ്ങനെയാണ്‌ നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത്‌?

ഉത്തരം:
വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്ന സത്യം നാം രക്ഷക്കായി ക്രിസ്തുവിനെ വിശ്വസിച്ച്‌ ആശ്രയിക്കുന്ന ആ നിമിഷം തന്നെ നാം ദൈവാത്മാവിനെ പ്രാപിക്കുന്നു എന്നാണ്‌. 1കൊരി.12:13 പറയുന്നത്‌ ഇപ്രകാരമാണ്‌: "യെഹൂദന്‍മാരോ, യവനന്‍മാരോ, ദാസന്‍മാരോ, യജമാനന്‍മാരോ, നാം എല്ലാവരും ഒരേ ആത്മാവിനാല്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കൂന്നു". ഒരാള്‍ക്ക്‌ പരിശുദ്ധാത്മാവ്‌ ഇല്ലെങ്കില്‍ അയാള്‍ ക്രിസ്തുവിനുള്ളവനല്ല എന്ന് റോമ.8:9 പറയുന്നു. എഫേ.1:13.14 പഠിപ്പിക്കുന്നത്‌ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന രക്ഷയുടെ മുദ്രയാണ്‌ പരിശുദ്ധാത്മാവ്‌ എന്നാണ്‌. "അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ട്‌ തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചക്കായിട്ട്‌ നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു".

മുകളില്‍ പറഞ്ഞ മൂന്നു വേദഭാഗങ്ങളും വ്യക്തമാക്കുന്നത്‌ നാം രക്ഷിക്കപ്പെടുമ്പോള്‍ തന്നെ നാം ആത്മാവിനെ പ്രാപിക്കുന്നു എന്നാണ്‌. വിശ്വസിച്ചവര്‍ എല്ലാവരും ആത്മാവിനെ പ്രാപിച്ചില്ലായിരുന്നു എങ്കില്‍ "നാം എല്ലാവരും ഒരേ ആത്മാവിനാല്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കുന്നു" എന്ന് പൌലൊസിനു പറയുവാന്‍ കഴിയുമായിരുന്നില്ല. റോമ.8ന്റെ 9 ആകട്ടെ ഈ സത്യം അല്‍പം പോലും സംശയം ഇല്ലാത്ത വിധത്തില്‍, "ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ അവന്നുള്ളവന്‍ അല്ല" എന്ന് നഗ്നമായി പറഞ്ഞിരിക്കയാണ്‌. അതുകൊണ്ട്‌ രക്ഷിക്കപ്പെടെണമെങ്കില്‍ ആത്മാവിനെ പ്രാപിച്ചിരിക്കണം. മാത്രമല്ല "രക്ഷയുടെ മുദ്ര" ആണ്‌ പരിശുദ്ധാത്മാവെങ്കില്‍ (എഫ്‌.1:13,14) രക്ഷിക്കപ്പെടുന്ന ആ നിമിഷം തന്നെ ആത്മാവിനെ പ്രാപിച്ചിരിക്കണമല്ലോ. ഇങ്ങനെ അനേക വേദഭാഗങ്ങല്‍ നമ്മെ പഠിപ്പിക്കുന്ന സത്യം ക്രിസ്തുവില്‍ വിശ്വസിച്ച്‌ രക്ഷിക്കപ്പെടുന്ന ആ നിമിഷം മുതല്‍ നമ്മുടെ രക്ഷ ഭദ്രമാണ്‌ എന്നുള്ള മാറ്റമില്ലാത്ത സത്യമാണ്‌.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന രീതികളെപ്പറ്റി പലര്‍ക്കും പല ചിന്താഗതികള്‍ ഉള്ളതുകൊണ്ട്‌ ഈ ചര്‍ച്ച അല്‍പം വിവാദപരമായ ഒന്നാണ്‌. പരിശുദ്ധാത്മാവിനെ പ്രാപിക്കല്‍ അഥവാ പരിശുദ്ധാത്മാവ്‌ നമ്മില്‍ വാസം ചെയ്യുവാന്‍ വരുന്നത്‌ നാം രക്ഷിക്കപ്പെടുമ്പോള്‍ തന്നെ സംഭവിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ പരിശിദ്ധാത്മാവിന്റെ നിറവ്‌ എന്നത്‌ അനുദിന ജീവിതത്തില്‍ തുടര്‍ന്നു നടക്കേണ്ട അനുഭവമാണ്‌. 1കൊരി.12:13 ന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്‌ രക്ഷിക്കപ്പെടുമ്പോള്‍ തന്നെ ആത്മസ്നാനവും നടക്കുന്നു എന്നാണ്‌. എന്നാല്‍ എലലാ ക്രിസ്തീയ വിശ്വാസികളും അങ്ങനെ വിശ്വസിക്കുന്നില്ല. അതുകൊണ്ട്‌ ചിലര്‍ ആത്മസ്നാനവും ആത്മാവിനെ പ്രാപിക്കുന്നതും രക്ഷിക്കപ്പെട്ട ശേഷം ഉണ്ടാകുന്ന ഒരു അനുഭവമാണ്‌ എന്ന്‌ വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്നു. അതിന്‌ ആധാരമായി ഏതു വാക്യങ്ങളാണ്‌ അവര്‍ ഉദ്ദരിക്കുന്നത്‌ എന്നത്‌ വ്യക്തമല്ല.

അവസാനമായി, നാം എങ്ങനെയാണ്‌ ആത്മാവിനെ പ്രാപിക്കുന്നത്‌ എന്നു പറയട്ടെ. യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോള്‍ തന്നെ അവന്റെ ആത്മാവിനെ നാം പ്രാപിക്കയാണ്‌ ചെയ്യുന്നത്‌ (യോഹ.3:5-16). നാം രക്ഷിക്കപ്പെടുന്ന നിമിഷം മുതല്‍ എന്നന്നേയ്ക്കും നമ്മുടെ കൂടെ ഇരിക്കുവാന്‍ പരിശുദ്ധാത്മാവ്‌ നമ്മിലേയ്ക്ക്‌ വരുന്നു (യോഹ.14:16).



ചോദ്യം: എന്താണ്‌ പരിശുദ്ധാത്മ സ്നാനം?

ഉത്തരം:
ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ പരിശുദ്ധാത്മാവ്‌ ആ വ്യക്തിയെ ക്രിസ്തുവിനോടും തന്റെ ശീരമായ സഭയോടും ചേര്‍ക്കുന്ന പ്രക്രിയയെ ആണ്‌ പരിശുദ്ധാത്മ സ്നാനം എന്നു പറയുന്നത്‌. 1കൊരി.12:12-13 എന്നീ വാക്യങ്ങളിലാണ്‌ പരിശുദ്ധാത്മ സ്നാനത്തെപ്പറ്റിയുള്ള വേദഭാഗം കാണുന്നത്‌. "യെഹൂദന്‍മാരോ യവനന്‍മാരോ ദാസന്‍മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ്‌ ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു" (1കൊരി.12:13). റോമാലേഖനം 6:1-4 വരെയുള്ള വാക്യങ്ങളില്‍ പരിശുദ്ധാത്മാവിനെപ്പറ്റി പരാമര്‍ശം ഇല്ലെങ്കിലും ഇതേ ആശയം തന്നെയാണ്‌ അവിടെയും കാണുന്നത്‌. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്‌ പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്‌. പാപസംബന്ധമായി മരിച്ചവരായിരുന്ന നാം ഇനി അതില്‍ ജീവിക്കുന്നത്‌ എങ്ങനെ? അല്ല, യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന്‌ നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ട്‌ പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ".

ആത്മ സ്നാനത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകണമെങ്കില്‍ താഴെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. ഒന്നാമത്തെ കാര്യം 1കൊരി.12:13 അനുസരിച്ച്‌ വിശ്വാസികള്‍ എല്ലാവരും ആത്മസ്നാനം പ്രാപിച്ചവരാണ്‌. എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തതുപോലെ (ആത്മപ്രാപണം പോലെ) തന്നെയാണ്‌ ഇതും. രണ്ടാമത്തെ കാര്യം വിശ്വാസികളോട്‌ നിങ്ങള്‍ ആത്മസ്നാനം പ്രാപിപ്പീന്‍ എന്നോ അതിനായി വാഞ്ചിപ്പീന്‍ എന്നോ ഒരു കല്‍പന വേദപുസ്തകത്തില്‍ എവിടേയും കാണുന്നില്ല. അതിനര്‍ത്ഥം എല്ലാ വിശ്വാസികളും ഇത്‌ പ്രാപിച്ചു കഴിഞ്ഞു എന്നാണ്‌. മൂന്നാമത്‌, എഫേ.4:5 ആത്മസ്നാനത്തെയാണ്‌ കുറിച്ചിരിക്കുന്നത്‌ എന്ന്‌ അനുമാനിക്കാവുന്നതാണ്‌. അതു ശരിയാണെങ്കില്‍ "കര്‍ത്താവു ഒന്ന്‌" "വിശ്വാസം ഒന്ന്‌" എന്നു പറയുന്നതുപോലെ ആത്മസ്നാനം എന്നതും സകല വിശ്വാസികളുടേയും ഒരു യാധാര്‍ത്ഥ്യമാണ്‌.

ഈ ആത്മസ്നാനം ഒരു വിശ്വാസിയുടെ ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണ്‌ നിര്‍വ്വഹിക്കുന്നത്‌. അത്‌ 1) വിശ്വാസിയെ ക്രിസ്തുവിന്റെ ശരീരമായ സഭയോടു ബന്ധിപ്പീക്കുന്നു 2) ക്രിസ്തുവിനോടു കൂടെയുള്ള വിശ്വാസിയുടെ ക്രൂശീകരണം സാധിതമാക്കിത്തീര്‍ക്കുന്നു. അവന്റെ ശരീരത്തിന്റെ അംഗം എന്നു പറഞ്ഞാല്‍ അവന്റെ പുനരുദ്ധാനത്തോട്‌ ഏകീഭവിച്ചു എന്നാണ്‌ അര്‍ത്ഥം (റോമ.6:4). ക്രിസ്തുവിന്റെ സഭയുടെ പ്രവര്‍ത്തനം ശരിയായ നിലയില്‍ നടക്കേണ്ടതിന്‌ ഓരോവിശ്വാസിയും തന്റെ കൃപാവരങ്ങളെ പ്രയോജനപ്പെടുത്തേണ്ടതാണ്‌. എഫേ.4:5 ല്‍ പറയുന്നതു പോലെ ഈ ആത്മസ്നാനം പ്രാപിക്കുന്നതാണ്‌ ക്രിസ്തു സഭയുടെ ഐക്യതക്ക്‌ നിദാനമായിരിക്കുന്നത്‌. ആത്മസ്നാനത്താല്‍ ക്രിസ്ത്യുവിന്റെ മരണ പുനരുദ്ധാനങ്ങളോട്‌ ഏകീഭവിച്ച വിശ്വാസി, തന്റെ ജീവിതത്തിലെ പാപസ്വഭാവത്തില്‍ നിന്ന്‌ വേര്‍പിരിക്കപ്പെട്ട്‌ ഒരു പുതിയ ജീവന്‍ നയിക്കുവാന്‍ പ്രാപ്തനായിത്തീരുന്നു.



ചോദ്യം: പരിശുദ്ധാത്മാവിനെതിരായുള്ള ദൂഷണം എന്താണ്‌?

ഉത്തരം:
ദൈവദൂഷണത്തെപ്പറ്റി നാം മത്താ.12:22-32; മര്‍ക്കോ.3:22-30 എന്നീ വേദഭാഗങ്ങളില്‍ വായിക്കുന്നു. പൊതുവായി നിര്‍വ്വചിച്ചാല്‍ ദൈവദൂഷണം എന്നത്‌ മനഃപൂര്‍വ്വമായ അവഹേളനം എന്ന്‌ പറയാവുന്നതാണ്‌. ദൈവത്തെ ശപിക്കുന്നതിനേയോ, മനഃപൂര്‍വമായി ദൈവീക കാര്യങ്ങളെ അവഹേളിക്കുന്നതിനേയോ ദൈവദൂഷണം എന്ന്‌ പറയാവുന്നതാണ്‌. ദൈവത്തിന്‌ അനീതി ചുമത്തുന്നതിനേയും, ദൈവം അര്‍ഹിക്കുന്ന നന്‍മ അവനു കൊടുക്കാതിരിക്കുന്നതിനേയും ദൈവദൂഷണം എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. എന്നാല്‍ മത്താ.12:31 ല്‍ പറഞ്ഞിരിക്കുന്നത്‌ "പരിശുദ്ധാത്മാവിന്‌ എതിരായ ദൂഷണം" എന്ന്‌ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. മത്താ.12:31,32 വാക്യങ്ങളുടെ സന്ദര്‍ഭം, യേശു പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ്‌ അത്ഭുതങ്ങള്‍ ചെയ്യുന്നത്‌ എന്ന കാര്യം അവര്‍ വ്യക്തമായി അറിഞ്ഞിട്ടും, ഭൂതങ്ങളുടെ തലവനായ ബെത്സബൂലിനെക്കൊണ്ടാണ്‌ യേശു അത്ഭുതങ്ങള്‍ ചെയ്യുന്നത്‌ എന്ന് അവര്‍ മനഃപ്പൂര്‍വം ആരോപിക്കുകയാണ്‌ ചെയ്തത്‌. മര്‍ക്കോ.3:30 ല്‍ അവര്‍ "പരിശുദ്ധാത്മാവിനു വിരോധമായി ദൂഷണം" പറയുക ആയിരുന്നു എന്നതിന്‌ തെളിവായി അവരുടെ കുറ്റകൃത്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "അവന്‌ ഒരു ഭൂതം ഉണ്ട്‌ എന്ന് അവര്‍ പറഞ്ഞിരുന്നു".

യേശു ദൈവാതമാകവിനാല്‍ നിറഞ്ഞവന്‍ ആയിരുന്നു എന്ന് അവര്‍ വ്യക്തമായി അറിഞ്ഞിരുന്നിട്ടും അവനു ഭൂതം ഉണ്ട്‌ എന്ന് പറഞ്ഞതിനാലാണ്‌ അവര്‍ ഇങ്ങനെ ദൂഷണം ചെയ്യുവാന്‍ ഇടയായത്‌. ഇന്ന് ആര്‍ക്കും ഇത്തരത്തില്‍ പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുവാന്‍ കഴികയില്ല. കാരണം ക്രിസ്തു അന്നുണ്ടായിരുന്നതു പോലെ ഇന്ന് ഈ ഭൂമിയില്‍ ഇല്ലല്ലോ. ഇന്നവന്‍ ദൈവത്തിന്റെ വലത്തു ഭാഗത്ത്‌ ഇരിക്കുക ആണല്ലോ. അതു കൊണ്ട്‌ അത്തരത്തില്‍ ഇന്ന് ആരും പരിശുദ്ധാത്മാവിന്‌ എതിരായി ദൂഷണം പറയുന്നില്ല.

ഇന്ന് ആരെങ്കിലും ക്ഷമിക്കപ്പെടാത്ത പാപം അധവാ പരിശുദ്ധാത്മാവിനു എതിരായ ദൂഷണം ചെയ്യുന്നത്‌, അവരുടെ മനഃപൂര്‍വമായ തുടര്‍ന്നുള്ള അവിശ്വാസത്തിനാലാണ്‌. അവിശ്വാസത്തില്‍ മരിക്കുന്ന ഒരാള്‍ക്ക്‌ ഒരിക്കലും ക്ഷമ ലഭിക്കയില്ല. ക്രിസ്തുവിനെ വിശ്വസിക്കണം എന്ന് തുടര്‍ന്ന് പരിശുദ്ധാത്മാവ്‌ ഹൃദയത്തില്‍ പ്രേരിപ്പിച്ചിട്ടും അവനെ നിരാകരിക്കുന്നതാണ്‌ പരിശുദ്ധാത്മാവിനു എതിരായ ക്ഷമിക്കപ്പെടാത്ത പാപം. "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്‌. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവകോപം അവന്റെ മേല്‍ വസിക്കുന്നതേ ഉള്ളൂ" (യോഹ.3:36) എന്ന് നാം വായിക്കുന്നു. ഇന്ന് ആര്‍ക്കെങ്കിലും ക്ഷമ ലഭിക്കാതിരികകുെന്നെങ്കില്‍ അവര്‍ പുത്രനില്‍ വിശ്വസിക്കാത്തവരുടെ കൂട്ടത്തില്‍ ആയിരുന്ന് അവനെ തിരസ്കരിക്കുന്നവര്‍ ആയിരിക്കണം. അങ്ങനെയുള്ളവരുടെ മേല്‍ നിന്ന് ദൈവ ക്രോധം നീങ്ങിയിട്ടില്ല. അവര്‍ നിത്യാഗ്നിക്കു ഇരയാകയും ചെയ്യും.



ചോദ്യം: എനിക്ക്‌ പരിശുദ്ധാത്മാവിന്റെ നിറവ്‌ എങ്ങനെ പ്രാപിക്കാം?

ഉത്തരം:
ഈ വിഷയം പഠിക്കുമ്പോള്‍ യോഹ.14:16 വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ്‌. എന്നേയ്ക്കും അവരോടു കൂടെ ഇരിക്കുവാന്‍ പരിശുദ്ധാവ്‌ വരും എന്നാണ്‌ കര്‍ത്താവ്‌ അവിടെ പറഞ്ഞിരിക്കുന്നത്‌. പരിശുദ്ധാത്മാവിന്റെ അധിവാസവും പരിശുദ്ധാത്മാവിന്റെ നിറവും തമ്മിലുള്ള വ്യതയാിസം നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. പരിശുദ്ധാത്മാവ്‌ എന്നെന്നേയ്ക്കുമായി അധിവസിക്കുന്നത്‌ ചുരുക്കം ചില വിശ്വാസികള്‍്‌ക്കുള്ളില്‍ മാത്രമല്ല; മറിച്ച്‌ എല്ലാ വിശ്വാസികളിലുമാണ്‌. ഈ സത്യം വെളിപ്പെടുത്തുന്ന അനേക വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്‌. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരിലും വേറൊരു നിബന്ധനകളും കൂടാതെ പരിശുദ്ധാത്മാവ്‌ അധിവസിക്കുവാന്‍ വരുന്നു എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു (യോഹ.7:37-39). മറ്റൊരു കാര്യം അറിഞ്ഞിരിക്കേണ്ടത്‌ രക്ഷിക്കപ്പെടുന്ന ആ നിമിഷത്തില്‍ തന്നെ വിശ്വാസികള്‍ എല്ലാവരും പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു എന്ന സത്യമാണ്‌ (എഫേ.1:13). പരിശുദ്ധാത്മാവിന്റെ അധിവാസവും മുദ്രയും ഒരു വിശ്വാസി പ്രാപിക്കുന്നത്‌ വിശ്വസിക്കുന്ന .ആ നിമിഷത്തില്‍ തന്നെ ആണെന്ന സത്യം ഗലാ.3:2 എടുത്തു പറഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഈ അധിവാസം നിരന്തരമായുള്ളതാണെന്ന്‌ വചനം വളരെ വ്യക്തമാക്കുന്നു. ഭാവിയില്‍ ക്രിസ്തുവിനോടൊപ്പം തേജസ്കരിക്കപ്പെടുവാന്‍ പോകുന്നു എന്നതിന്റെ അച്ചാരമായിട്ടാണ്‌ ഈ ആത്മപ്രാപണം നടക്കുന്നത്‌ എന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌ (1കൊരി.1:22; എഫേ.4:30).

എഫേ.5:18 ല്‍ പറഞ്ഞിരിക്കുന്ന ആത്മനിറവ്‌ എന്നത്‌ ഇതുവരെ പറഞ്ഞതില്‍ നിന്ന്‌ വളരെ വിഭിന്നമായ അനുഭവമാണ്‌. ദൈവാത്മാവിന്‌ നമ്മെ പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ നാം നമ്മെത്തന്നെ പരിശുദ്ധാത്മാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച്‌ ആത്മാവിന്‌ പുര്‍ണ്ണമായി നമ്മെ അധീനമാക്കുന്ന അവസ്ഥയ്ക്കാണ്‌ പരിശുദ്ധാത്മ നിറവ്‌ എന്നു പറയുന്നത്‌. റോമ.8:9; എഫേ.1:13-14 പറയുന്നത്‌ ദൈവാത്മാവ്‌ എല്ലാ വിശ്വാസികളിലും അധിവസിക്കുന്നു എന്നാണ്‌. എന്നാല്‍ ആത്മാവിനെ ദുഃഖിപ്പിക്കുവാനും (എഫേ.4:30), ആത്മാവിന്റെ പ്രവര്‍ത്തനത്തെ കെടുത്തുവാനും (1തെസ്സ.5:19)സാധ്യമാണ്‌ എന്നത്‌ മറക്കരുത്‌. അവ സംഭവിക്കുവാന്‍ നാം അനുവദിച്ചാല്‍ ദൈവാത്മാവിന്റെ ശക്തിയുടേയും പ്രവര്‍ത്തനത്തിന്റേയും പൂര്‍ണ്ണത അനുഭവിക്കുവാന്‍ നമുക്കു സാധിക്കുകയില്ല. പരിശുദ്ധാത്മ നിറവ്‌ എന്നു പറഞ്ഞാല്‍ നമ്മുടെ ജീവിതത്തെ മുഴുവന്‍ സ്വാധീനിച്ച്‌ പൂര്‍ണ്ണമായി നമ്മെ നിയന്ത്രിക്കുവാനും നയിക്കുവാനും ദൈവാത്മാവിന്‌ ഇടയാകുന്ന അനുഭവമാണ്‌. അപ്പോള്‍ അവന്റെ ശക്തി നമ്മില്‍കൂടെ വ്യാപരിച്ച്‌ നാം ചെയ്യുന്നത്‌ ദൈവത്തിന്‌ പ്രയോജനമുള്ളതായിത്തീരും. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നമ്മുടെ ഹൃദയാന്തര ചിന്തകളും ഉദ്ദേശങ്ങളും വരെ ദൈവാത്മാവിന്റെ നിയന്ത്രണത്തിനു കീഴില്‍ ആയിത്തീരും എന്നതില്‍ സംശയമില്ല. സങ്കീ.19:14 ഇങ്ങനെ പറയുന്നു. "എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമുള്ളതായിരിക്കട്ടെ".

പരിശുദ്ധാത്മനിറവിന്‌ എതിരായി വര്‍ത്തിക്കുന്നത്‌ നമ്മുടെ പാപമാണ്‌. ദൈവത്തെ അനുസരിക്കുന്നതിനാലാണ്‌ ദൈവാത്മനിറവ്‌ ജീവിതത്തില്‍ പ്രായോഗികമാകുന്നത്‌. എഫേ.5:18 ല്‍ നാം ആത്മാവില്‍ നിറഞ്ഞിരിക്കുവാന്‍ കല്‍പന ഉണ്ട്‌. എന്നാല്‍ ആത്മനിറവിനുവേണ്ടി പ്രാര്‍ത്ഥിക്ക മാത്രം ചെയ്താല്‍ ആ നിറവു ലഭിക്കയില്ല. നാം ദൈവത്തിന്റെ കല്‍പന പൂര്‍ണ്ണമായി അനുസരിക്കുവാന്‍ മനസ്സുള്ളവര്‍ ആയെങ്കില്‍ മാത്രമേ ദൈവാത്മാവിന്‌ നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കയുള്ളൂ. നാം ജഡശരീരത്തില്‍ ആയിരിക്കുന്നതു കൊണ്ട്‌ എപ്പോഴും പാപം ചെയ്യുവാന്‍ സാദ്ധ്യത ഉണ്ട്‌. അതുകൊണ്ട്‌ എപ്പോഴും ദൈവാത്മാവില്‍ നിറഞ്ഞിരിക്കുന്നത്‌ അസാദ്ധ്യമാണ്‌. നാം പാപത്തില്‍ അകപ്പെടുമ്പോള്‍ ഉടന്‍ തന്നെ അതു മനസ്സിലാക്കി ഏറ്റുപറഞ്ഞ്‌ ഉപേക്ഷിച്ച്‌ വീണ്ടും ദൈവകൂട്ടായ്മ പുനഃസ്ഥാപിക്കയും, ദൈവാത്മാവിനാല്‍ നിറയപ്പെട്ട്‌ അവനാല്‍ നടത്തപ്പെടുന്നതിന്‌ വഴി ഒരുക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌.



ചോദ്യം: എനിക്ക്‌ ഏതു കൃപാവരമാണ്‌ ഉള്ളത്‌ എന്ന് എനിക്ക്‌ എങ്ങനെ മനസ്സിലാക്കാം?

ഉത്തരം:
നമ്മുടെ കൃപാവരം ഏതെന്നു കണ്ടുപിടിക്കുവാന്‍ ഉതകുന്ന ഏതെങ്കിലും പരീക്ഷണങ്ങളോ കുറുക്കുവഴികളോ ഇല്ല. താന്‍ ഇഛിക്കുന്നതുപോലെ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌ കൃപാവരങ്ങളെ നമുക്ക്‌ വിഭാഗിച്ചു തരുന്നത്‌ (1കൊരി.12:7-11). എനിക്ക്‌ ആ കൃപാവരം ഉണ്ട്‌ എന്നു തോന്നുന്ന ഇടത്തുനിന്നു മാത്രം ദൈവത്തെ സേവിക്കുവാന്‍ പലരും ശ്രമിക്കുന്നു എന്നതാണ്‌ ഒരു വലിയ പരാജയത്തിനു കാരണം. എന്നാല്‍ കൃപാവരങ്ങളെ ഉപയോഗിക്കേണ്ടത്‌ അങ്ങനെ അല്ല. എല്ലാ കാര്യങ്ങളിലും നാം അവനെ അനുസരിക്കണം എനന്െ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ദൌത്യം നിറവേറ്റുവാന്‍ ഉതകുന്ന രീതിയില്‍ ദൈവം നമുക്ക്‌ ആവശ്യമായ കൃപാവരങ്ങളെ തന്ന് അനുഗ്രഹിക്കും. പല മാര്‍ഗ്ഗങ്ങളില്‍ കൂടെ നമ്മുടെ കൃപാവരങ്ങള്‍ ഏതൊക്കെ ആണെന്ന് നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. ചോദ്യോത്തര രീതിയില്‍ നമുക്ക്‌ നമ്മുടെ കൃപാവരങ്ങളെപ്പറ്റി ചെറിയ അറിവു ലഭിച്ചു എന്ന് വരാവുന്നതാണ്‌. എന്നാല്‍ അതുകൊണ്ടു മാത്രം തൃപ്തിപ്പെടാവുന്നതല്ല. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ നമ്മുടെ കൃപാവരങ്ങള്‍ ഏതൊക്കെ എന്നത്‌ നമുക്ക്‌ ഉറപ്പാക്കിത്തരും. നാം കര്‍ത്താവിനെ സേവിക്കുന്നതു കാണുമ്പോള്‍ പലപ്പോഴും നമുക്കു തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ലാത്ത കൃപാവരങ്ങള്‍ നമുക്കുണ്ട്‌ എന്ന കാര്യം മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു എന്ന് വരാവുന്നതാണ്‌. ഈ കാര്യത്തില്‍ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യം ഉണ്ട്‌. നമുക്ക്‌ ഇന്ന ഇന്ന കൃപാവരങ്ങള്‍ ഉണ്ട്‌ എന്ന് വ്യക്തമായി അറിയാവുനനം വ്യക്തി, കൃപാവരങ്ങള്‍ നമുക്കു പകര്‍ന്നു തന്ന പരിശുദ്ധാത്മാവു തന്നെയാണ്‌. നമ്മുടെ കൃപാവരങ്ങള്‍ മേന്‍മയായ വിധത്തില്‍ ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുവാന്‍ ഇടയാകേണ്ടതിന്‌ അവ ഏതൊക്കെ എന്ന് നമുക്കു കാണിച്ചു തരുവാന്‍ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കേണ്ടതാണ്‌.

ദൈവം ചിലരെ ഉപദേഷ്ടാക്കന്‍മാരായി വിളിച്ച്‌ അവര്‍ക്ക്‌ ഉപദേശിക്കുവാനുള്ള വരം കൊടുക്കുന്നു. ചിലരെ ശുശ്രൂഷകന്‍മാരായി വിളിച്ച്‌ അവര്‍ക്ക്‌ ശുശ്രൂഷിക്കുവാനുള്ള വരം കൊടുക്കുന്നു. ഏതെങ്കിലും പ്രത്യേക കൃപാവരം നമുക്കു ലഭിച്ചിട്ടുണ്ട്‌ എന്ന് നമുക്ക്‌ വ്യക്തമായി അറിയാമെങ്കില്‍ തന്നെ, അവ ഉപയോഗിച്ചു മാത്രമേ ദൈവത്തെ സേവിക്കയുള്ളൂ എന്ന് ആരെങ്കിലും ശഠിക്കുന്നത്‌ ശരിയല്ല. ഏത്‌ കൃപാവരമാണ്‌ നമുക്ക്‌ ദൈവം തന്നിട്ടുള്ളത്‌ എന്ന് അറിയുന്നത്‌ നല്ലതല്ലേ? തികച്ചും നല്ലതു തന്നെ. എന്നാല്‍ കൃപാവരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ ദൈവത്തെ സേവിക്കുവാന്‍ ലഭിക്കുന്ന മറ്റ്‌ അവസരങ്ങള്‍ പാഴാക്കുന്നത്‌ ശരിയാണോ? ഒരിക്കലും അല്ല. ദൈവത്താല്‍ ഉപയോഗിക്കപ്പെടെണം എന്ന് ആഗ്രഹിച്ച്‌ സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിക്ക്‌ ദൈവഹിതം നിറവേറ്റുവാന്‍ ആവശ്യമായ കൃപാവരങ്ങള്‍ എല്ലാം ദൈവം കൊടുക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല.



ചോദ്യം: ആത്മാവിന്റെ അത്ഭുതവരങ്ങള്‍ ഈ കാലത്തേയ്ക്കു വേണ്ടിയുള്ളതാണോ?

ഉത്തരം:
ദൈവം ഇന്നും അത്ഭുതം ചെയ്യുമോ എന്നതല്ല ഈ ചോദ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നത്‌ ആദ്യം മനസ്സിലാക്കണം. ദൈവം ഇന്നു ഒരു അത്ഭുതവും ചെയ്യുന്നില്ല, ആരോടും സംസാരിക്കുന്നില്ല, ആരേയും അത്ഭുതമായി സുഖമാക്കുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത്‌ വാസ്തവത്തില്‍ വേദവിരുദ്ധവും വിഡ്ഡിത്തവും ആയിരിക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല. എന്നാല്‍ 1 കൊരി.12-14 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന അത്ഭുത കൃപാവരങ്ങള്‍ ഇന്നും പ്രാബല്യത്തില്‍ ഉണ്ടോ എന്നതാണ്‌ നമ്മുടെ പ്രശ്നം. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ ഇന്ന് ആര്‍ക്കെങ്കിലും ഒരു അത്ഭുതവരം കൊടുക്കുവാന്‍ കഴിയുമോ എന്നതും അല്ല നമ്മുടെ പ്രശ്നം എന്നും മറക്കരുത്‌. നമ്മുടെ ചോദ്യം, അന്ന് ഉണ്ടായിരുന്നതുപോലെ അത്ഭുതവരങ്ങള്‍ ദൈവാത്മാവ്‌ ഇന്നും പ്രാവര്‍ത്തീകം ആക്കുന്നുണ്ടോ എന്നതാണ്‌. മാത്രമല്ല ദൈവാത്മാവ്‌ തന്റെ ഹിതാനുസരണമാണ്‌ ഈ കൃപാവരങ്ങളെ പ്രാവര്‍ത്തീകം ആക്കുന്നത്‌ എന്ന കാര്യവും ഈ തരുണത്തില്‍ മറക്കുന്നില്ല (1കര്‍.12:7-11).

അപ്പൊസ്തല പ്രവര്‍ത്തികളിലും ലേഖനങ്ങളിലും അപ്പൊസ്തലന്‍മാരും അവരുടെ സഹകാരികളും വളരെ അത്ഭുതങ്ങള്‍ ചെയ്തിരുന്നതായി നാം വായിക്കുന്നു. അതിന്റെ കാരണം പൌലൊസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക: "അപ്പൊസ്തലന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണസഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീരയ പ്രവര്‍ത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവല്ലോ" (2കൊരി.12:12). എല്ലാ വിശ്വാസികള്‍്ക്കും അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്യുവാന്‍ കഴിയുമായിരുന്നെങ്കില്‍, അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവര്‍ത്തികളും അപ്പൊസ്തലന്‍മാരുടെ പ്രത്യേകതയായി എടുത്തു പറയുക ഇല്ലായിരുന്നല്ലോ. അപ്പൊ.പ്ര.2:22 ല്‍ യേശുവിനെപ്പറ്റി ഇങ്ങനെ വായിക്കുന്നു. "ദൈവം അവനെക്കൊണ്ട്‌ നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും, അത്ഭുതങ്ങളും, അടയാളങ്ങളും കൊണ്ട്‌ ദൈവം നിങ്ങള്‍ക്ക്‌ കാണിച്ചു തന്ന പുരുഷനായി... " എന്ന്. അതു പോലെ തന്നെയായിരുന്നു അപ്പൊസ്തലന്‍മാരും തങ്ങളുടെ വീര്യപ്രവര്‍ത്തികള്‍ കൊണ്ട്‌ ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍ എന്ന് ചൂണ്ടി കാട്ടപ്പെടുക ആയിരുന്നു. സുവിശേഷത്തിനു ദൈവം സാക്ഷി നിന്നത്‌ "അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്‍കി" ആയിരുന്നു എന്ന് പ്രവ.14:3 ല്‍ വായിക്കുന്നു.

1കൊരി.12-14 വരെയുള്ള അദ്ധ്യായങ്ങള്‍ ആത്മാവിന്റെ വരങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന അദ്ധ്യായങ്ങള്‍ ആണ്‌. 12 ആം അദ്ധ്യായം വായിച്ചാല്‍ സാധാരണ വിശ്വാസികള്‍്‌ക്കും അന്ന്‌ അത്ഭുതവരങ്ങള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം (വാക്യ. 8-10; 28-30). എന്നാല്‍ ഇത്‌ എത്രത്തോളം സാധാരണസംഭവമായി കാണപ്പെട്ടു എന്ന്‌ നമുക്ക്‌ അറിഞ്ഞുകൂടാ. മുകളില്‍ വായിച്ച പ്രകാരം അത്ഭുതങ്ങളും അടയാളങ്ങളും അപ്പൊസ്തലന്‍മാര്‍ക്ക്‌ പ്രത്യേകമായി കൊടുക്കപ്പെട്ടിരുന്ന വരങ്ങള്‍ ആയിരുന്നെങ്കില്‍, സാധാരണ വിശ്വാസികളും അപ്രകാരം ചെയ്യുന്നത്‌ അത്ര പതിവല്ലായിരുന്നു എന്നു വേണം കരുതുവാന്‍. മാത്രമല്ല അപ്പൊസ്തലന്‍മാരുടേയും അവരുടെ സഹകാരികളുടേയും പേരുകളില്‍ അല്ലാതെ സാധാരണ വിശ്വാസികളുടെ പേരുകളില്‍ അത്ഭുതങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്‌.

വേറൊരു കാര്യം ശ്രദ്ധയില്‍ ഇരിക്കേണ്ടത്‌ ആദിമസഭക്ക്‌ നമുക്ക്‌ ഇന്നുള്ളതു പോലെ എഴുതപ്പെട്ട വേദപുസ്തകം ഇല്ലായിരുന്നു എന്ന കാര്യമാണ്‌ (2തിമോ.3:16-17). അതുകൊണ്ട്‌ അന്ന്‌ അവര്‍ക്ക്‌ ദൈവഹിതം തിരിച്ചറിയേണ്ടതിന്‌ വിശേഷിച്ച വരങ്ങളായിരുന്ന പ്രവചനവരം, ജ്ഞാനവരം എന്നിവ അനിവാര്യമായിരുന്നു. ദൈവത്തില്‍ നിന്ന്‌ പുതിയ വെളിപ്പാടുകള്‍ പ്രവചന വരം മൂലം അവര്‍ക്ക്‌ ലഭിക്കേണ്ട ആവശ്യം അന്ന്‌ ഉണ്ടായിരുന്നു. ഇന്ന്‌ പൂര്‍ണ്ണമായി എഴുതപ്പെട്ട ദൈവവചനം നമുക്ക്‌ ഉള്ളതു കൊണ്ട്‌ അന്ന്‌ അവര്‍ക്ക്‌ ഉണ്ടായിരുന്നതു പോലെ പുതിയ "വെളിപ്പാടുകള്‍" ലഭിക്കേണ്ട ആവശ്യം ഇന്ന് നമുക്ക്‌ ഇല്ല. അതു കൊണ്ട്‌ അന്നു അവര്‍ക്ക്‌ ഉണ്ടായിരുന്ന ചില പ്രത്യേക വരങ്ങളുടെ ആവശ്യം ഇന്ന്‌ നമുക്ക്‌ ഇല്ല എന്നത്‌ മറക്കരുത്‌.

ദൈവം ഇന്നും അത്ഭുതമായി പലരേയും സുഖമാക്കുന്നു. ദൈവം ഇന്നും നമ്മോട്‌ പല രീതികളില്‍ സംസാരിക്കുന്നു. ചിലപ്പോള്‍ അശരീരി ശബ്ദമായിരിക്കാം അല്ലെങ്കില്‍ നമ്മുടെ ഉള്‍മനുഷനോട്‌ നേരിട്ട്‌ ഇടപെട്ടതായിരിക്കാം. ദൈവം ഇന്നും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നവനാണ്‌. ചിലപ്പോള്‍ അത്‌ ഒരു ദൈവ പൈതലില്‍ കൂടെ ആയിരിക്കാം നടന്നത്‌. എന്നാല്‍ ഇവയൊന്നും ദൈവാത്മാവിന്റെ അത്ഭുത കൃപാവരങ്ങളുടെ കൂട്ടത്തില്‍ പെടുന്നവ അല്ല. അന്ന് ദൈവാത്മാവിന്റെ അത്ഭുത കൃപാവരങ്ങള്‍ കൊടുക്കപ്പെട്ടിരുന്നതിന്റെ കാരണം സുവിശേഷം ദൈവത്തില്‍ നിനനു്ള്ള സന്ദേശം ആണെന്നും അപ്പൊസ്തലന്‍മാര്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍ ആണെന്നും തെളിയിയ്ക്കുവാന്‍ വേണ്ടി ആയിരുന്നു. പുതിയ നിയമ കാലത്ത്‌ കാണപ്പെട്ടിരുന്ന അത്ഭുത കൃപാവരങ്ങള്‍ നിന്നു പോയി എന്ന് വേദപുസ്തകം പറയുന്നില്ല. എന്നാല്‍ അന്നുണ്ടായിരുന്നതു പോലെ അത്ഭുതങങുളും അടയാളങ്ങളും ഇന്ന് എന്തുകൊണ്ട്‌ കാണപ്പെടുന്നില്ല എന്നതിന്‌ മതിയായ കാരണം പുതിയ നിയമം തരുന്നുണ്ട്‌.



ചോദ്യം: എന്താണ്‌ അന്യഭാഷാ ഭാഷണം എന്ന കൃപാവരം? അന്യഭാഷാ ഭാഷണം എന്ന കൃപാവരം ഇന്നും നിലവിലുണ്ടോ?

ഉത്തരം:
അപ്പൊ. പ്രവ.2:1-4 വരെയുള്ള വാക്യങ്ങളിലാണ്‌ ആദ്യമായി അന്യഭാഷാവരം പ്രബല്യത്തിലായതായി നാം വായിക്കുന്നത്‌. അന്ന്‌ അവിടെ കൂടിയിരുന്ന ആളുകളോട്‌ അവരവരുടെ സ്വന്തഭാഷയില്‍ അപ്പൊസ്തലന്‍മാര്‍ സുവിശേഷം പങ്കു വയ്ക്കുകയാണുണ്ടായത്‌. "അവര്‍ ദൈവത്തിന്റെ അത്ഭുതകാര്യങ്ങള്‍ പ്രസ്താവിക്കുന്നത്‌ നാം നമ്മുടെ സ്വന്തഭാഷകളില്‍ കേള്‍ക്കുന്നു" എന്നാണ്‌ കൂടുയിരുന്നവര്‍ പറഞ്ഞത്‌ (പ്രവ.2:11). അതുകൊണ്ട്‌ ഒരാള്‍ തനിക്കറിഞ്ഞുകൂടാത്ത ഭാഷയില്‍ ആ ഭാഷ സംസാരിക്കുന്ന ആളിനോട്‌ സുവിശേഷം പങ്കുവയ്കുവാനുള്ള കൃപയ്ക്കാണ്‌ അന്യഭാഷാവരം എന്നു പറയുന്നത്‌.

1കൊരി.12-14 വരെ അദ്ധ്യായങ്ങളില്‍ അത്ഭുതവരങ്ങളെപ്പറ്റി അപ്പൊസ്തലനായ പൌലോസ്‌ വിവരിക്കുമ്പോള്‍ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "സഹോദരന്‍മാരേ, ഞാന്‍ വെളിപ്പാടായിട്ടോ, ജ്ഞാനമായിട്ടോ, പ്രവചനമായിട്ടോ, ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ നിങ്ങളോടു സംസാരിച്ചുകൊണ്ട്‌ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക്‌ എന്തു പ്രയോജനം വരും?" (1കൊരി.14:6). അപ്പൊസ്തലന്റെ അഭിപ്രായത്തിലും പ്രവര്‍ത്തികള്‍ രണ്ടാം അദ്ധ്യായത്തില്‍ നടന്നതിന്റെ അടിസ്ഥാനത്തിലും അന്യഭാഷാവരം പ്രയോജനപ്പെടുന്നത്‌ അതു കേട്ടു മനസ്സിലാക്കുന്ന ആളുകള്‍ക്കു മാത്രമാണ്‌. മറ്റുള്ള ആര്‍ക്കെങ്കിലും അതു പ്രയോജനപ്പെടണമെങ്കില്‍ അത്‌ വ്യാഖ്യാനിക്കപ്പെട്ടിരിക്കണം.

വ്യാഖ്യാന വരം ഉള്ള ആളിന്‌ താന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷ കേട്ടു മനസ്സിലാക്കി അത്‌ വ്യാഖ്യാനിക്കുവാനുള്ള കഴിവാണുള്ളത്‌. അങ്ങനെ വ്യാഖ്യാന വരം ഉള്ള ആള്‍ അന്യഭാഷാവരമുള്ള ആള്‍ പറഞ്ഞ ദൂത്‌ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയിലേക്ക്‌ മാറ്റിക്കൊടുക്കുന്നു. "അതുകൊണ്ട്‌ അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനവരത്തിനായി പ്രര്‍ത്ഥിക്കട്ടെ" എന്ന്‌ പൌലോസ്‌ പറയുന്നു (1കൊരി.14:13). വ്യാഖ്യാനിക്കപ്പെടാത്ത അന്യഭാഷാ ഭാഷണത്തെപ്പറ്റി പൌലോസിന്റെ വാക്കുകള്‍ വളരെ കരുത്തുള്ളതാണ്‌. "എങ്കിലും സഭയില്‍ പതിനായിരം വാക്ക്‌ അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ അധികം മറ്റുള്ളവരേയും പഠിപ്പിക്കേണ്ടതിന്‌ ബുദ്ധികൊണ്ട്‌ അഞ്ചു വാക്കു പറയുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു" (1കൊരി.14:19).

അന്യഭാഷ ഈ കാലത്തേക്കുള്ളതാണോ? 1കൊരി.13:8 ല്‍ അന്യഭാഷ നിന്നുപോകുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്‌. എന്നാല്‍ അത്‌ പൂര്‍ണ്ണമായതു വരുന്നതിനുമായി ബന്ധപ്പെടുത്തിയാണ്‌ പറഞ്ഞിരിക്കുന്നത്‌ (1കൊരി.13:10). "നിന്നു പോകും" "നീങ്ങിപ്പോകും" എന്ന്‌ രണ്ടു വ്യത്യാസമായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്‌ പൂര്‍ണമായതു വരുന്നതിനു മുമ്പ്‌ അന്യഭാഷ നിന്നുപോകും എന്നു പറയുന്നവരുണ്ട്‌. ഒരു പക്ഷെ അങ്ങനെ പറയാമെങ്കിലും ഈ വാക്യങ്ങളില്‍ അത്‌ അത്ര വ്യക്തമല്ല. മറ്റു ചിലര്‍ യെശ.28:11; യോവേ.2:28,29 എന്നീ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്യഭാഷ വരുവാനുള്ള ദൈവകോപത്തിന്റെ അടയാളമായി കൊടുക്കപ്പെട്ടതായി പറയുന്നു. 1കൊരി.14:22 ല്‍ അന്യഭാഷയെ "അവിശ്വാസികള്‍ക്ക്‌ അടയാള" മായി ചിത്രീകരിച്ചിട്ടുണ്ടല്ലോ. ഈ വ്യാഖ്യാന ഗതി അനുസരിച്ച്‌ യെഹൂദന്‍മാര്‍ യേശുവിനെ അവരുടെ മശിഹയായി സ്വീകരിക്കാതിരുന്നതിന്‌ വരുവാനിരിക്കുന്ന ന്യായവിധിയുടെ അടയാളമായിട്ടാണ്‌ അന്യഭാഷാവരം കൊടുക്കപ്പെട്ടത്‌. അതുകൊണ്ട്‌ A.D 70 ല്‍ യെരുശലേം നഗരം ഇടിക്കപ്പെട്ട്‌ യിസ്രായേല്‍ജനം ന്യായം വിധിക്കപ്പെട്ടു കഴിഞ്ഞതോടെ അന്യഭാഷയുടെ ഉദ്ദേശം നിറവേറിക്കഴിഞ്ഞു എന്നാണവര്‍ പറയുന്നത്‌. ഇങ്ങനെയുള്ള ന്യായങ്ങള്‍ കൊണ്ട്‌ അന്യഭാഷാ വരം നിന്നുപോയി എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍ അന്യഭാഷാവരം നിന്നുപോയി എന്ന് വേദപുസ്തകത്തില്‍ വാക്യമില്ല.

അതേ സമയം ഇന്ന് അന്യഭാഷാവരം നിലവിലുണ്ടെങ്കില്‍ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ അത്‌ പ്രയോജനപ്പെടുത്തുവാന്‍ പാടുള്ളു എന്നത്‌ വിസ്മരിക്കരുത്‌. അത്‌ വാസ്തവത്തിലുള്ള ഒരു സംസാരഭാഷ ആയിരിക്കണം, (1കൊരി.14:10). വേറൊരു ഭാഷയിലുള്ള ആളിനോട്‌ ദൈവത്തിന്റെ സന്ദേശം അറിയിക്കുന്നതിനു വേണ്ടിയായിരിക്കണം അത്‌ ഉപയോഗിക്കേണ്ടത്‌ (പ്രവ.2:6-12). അപ്പൊസ്തലനായ പൌലോസ്‌ 1കൊരി.14 ല്‍ പറഞ്ഞിരിക്കുന്ന മറ്റു വ്യവസ്തകള്‍ക്കും കീഴ്പ്പെട്ടായിരിക്കണം അത്‌ ഉപയോഗിക്കേണ്ടത്‌. ഉദ്ദാഹരണമായി ഓരോരുത്തരായി വേണം സംസാരിക്കുവാന്‍. വ്യാഖാനിക്കുന്നവന്‍ ഇല്ലെങ്കില്‍ സംസാരിക്കുവാന്‍ പാടില്ല. ഈ സന്ദര്‍ഭത്തിലാണ്‌ സ്ത്രീകള്‍ സഭയില്‍ സംസാരിക്കുവാന്‍ പാടില്ല എന്ന് പൌലോസ്‌ പറഞ്ഞിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. ദൈവം കലക്കത്തിന്റെ ദൈവമല്ല എന്നും സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നു പറഞ്ഞുമാണ്‌ പൌലോസ്‌ ഈ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നത്‌.

വേറൊരു ഭാഷയിലുള്ള ആളിനോട്‌ സുവിശേഷം അറിയിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വേണമെങ്കില്‍ ഒരാള്‍ക്ക്‌ താന്‍ പഠിക്കാത്ത ഒരു ഭാഷ സംസാരിക്കുവാനുള്ള കഴിവു കൊടുക്കുവാന്‍ ദൈവം സര്‍വശക്തനാണ്‌. കൃപാ വരങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ പരിശുദ്ധാത്മാവ്‌ സര്‍വാധികാരിയാണല്ലോ (1കൊരി.12:11). മിഷനറിമാര്‍ അവര്‍ ചെല്ലുന്ന സ്ഥലത്തെ ഭാഷ പഠിക്കുവാന്‍ ആവശ്യമില്ലാതെ ഉടനടി അവിടെയുള്ള ആളുകളോട്‌ സുവിശേഷ സന്ദേശം പങ്കു വയ്ക്കുവാന്‍ സാധിച്ചിരുന്നെങ്കിലുള്ള അവസ്ഥ ഒന്നൂഹിച്ചു നോക്കുക. അവരുടെ വേല എത്ര അധികം കണ്ട്‌ ഫലപ്രദമായിരുന്നിരിക്കും എന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍ ദൈവം അങ്ങനെയല്ലല്ലോ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ആദ്യനൂറ്റാണ്ടില്‍ സംഭവിച്ചതു പോലെ ഇന്ന് സംഭവിക്കുന്നില്ലല്ലോ. ഇന്ന് അന്യഭാഷവരപ്രാപ്തിയുണ്ട്‌ എന്നഭിമാനിക്കുന്നവരില്‍ അധിക പങ്കും ആളുകള്‍ പുതിയ നിയമ വ്യവസ്തകളെ മാനിക്കാതെയാണല്ലോ അതു ഉപയോഗിക്കുന്നത്‌. ഈ വക കാര്യങ്ങള്‍ കൊണ്ട്‌ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയുന്ന ഒരു കാര്യം അന്യഭാഷാവരം നിന്നുപോയി എന്നു തന്നെയാണ്‌. അതല്ലെങ്കില്‍ തുലോം ചുരുക്കമായി മാത്രം കാണുന്ന ഒരു വരമാണത്‌ എന്നു തനനെംയാണ്‌ തീരുമാനിക്കേണ്ടത്‌.

അന്യഭാഷയെ സ്വയ ആത്മീക അഭിവൃത്തിക്കായുള്ള "പ്രര്‍ത്ഥന ഭാഷ" ആയി കാണുന്നവര്‍ 1കൊരി.14:4, 28 എന്നീ വാക്യങ്ങളുടെ അടിസ്ഥാത്തിലാണ്‌ അങ്ങനെ മനസ്സിലാക്കുന്നത്‌. എന്നാല്‍ 1കൊരി.14 ല്‍ പൌലോസ്‌ ആവര്‍ത്തിച്ചു പറയുന്ന സത്യം അന്യഭാഷ സഭയില്‍ വയാസഖ്യാനിക്കപ്പെട്ടെങ്കിലേ മതിയാവൂ എന്നാണ്‌ (വാക്യ.5-12). അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി പുതിയ നിയമത്തില്‍ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഉദ്ദേശത്തെപ്പറ്റിയും പുതിയനിയമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്ന ആളിനെപ്പറ്റിയും പരാമര്‍ശം ഇല്ല. മാത്രമല്ല അത്‌ സ്വയം ആത്മീക വര്‍ദ്ധനക്കാണെങ്കില്‍ ആ വരം ഇല്ലാത്തവര്‍ക്ക്‌ സ്വയം ആത്മീക വര്‍ദ്ധന വരുത്തുവാനുള്ള അവസരം ഇല്ലെന്നു വരുമോ? 1കൊരി.12:29,30 ല്‍ നിന്ന് എല്ലാവരും അന്യഭാഷ സംസാരിക്കുന്നില്ല എന്നത്‌ വളരെ വ്യക്തമാണല്ലോ.