യേശു അപ്പൊസ്തലന്മാരെ പ്രസംഗിക്കാന്‍ വിടുന്നു 
(മര്‍ക്കൊ. 3:13-19; 6:7-13; ലൂക്കൊ. 6:12-16; 9:1-6) 
10
1 യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ചു കൂട്ടി. അശുദ്ധാത്മാക്കള്ക്കുമേലും, അവരെ ഒഴിച്ചോടിപ്പിക്കാനുമുള്ള ശക്തി അവന് അവര്‍ക്കു നല്കി. എല്ലാവിധ രോഗങ്ങളും ഭേദമാക്കാന്‍ അവന് അവര്‍ക്കു ശക്തി നല്കി. 
2 പന്ത്രണ്ടു അപ്പൊസ്തലന്മാര് ഇവരായിരുന്നു. 
ശിമോനെന്ന പത്രൊസ്, 
അവന്റെ സഹോദരന് അന്ത്രെയാസ്, 
സെബെദിയുടെ പുത്രന് യാക്കോബ്, 
അവന്റെ സഹോദരന് യോഹന്നാന് 
3 ഫിലിപ്പൊസ്, 
ബര്‍ത്തൊലൊമായി, 
തോമാസ്, 
ചുങ്കപ്പിരിവുകാരനായ മത്തായി, 
അല്ഫായുടെ പുത്രന് യാക്കോബ്, 
തദ്ദായി; 
4 എരിവുകാരനായ* എരിവുകാരന്‍ ‘സേലട്ട്' ഒരു യെഹൂദ രാഷ്ട്രീയ വിഭാഗം. ശിമോന്, 
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ ഈസ്കര്യോത്താ. 
5 യേശു ഈ പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ക്കും ചില ഉത്തരവുകള്‍ നല്കി. എന്നിട്ട് അവരെ സ്വര്‍ഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ അയച്ചു. യേശു പറഞ്ഞു, “ജാതികളെ സമീപിക്കരുത്. ശമര്യാക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലും പോകരുത്. 
6 എന്നാല്‍ യിസ്രായേല്‍ക്കാരുടെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കല്‍ ചെല്ലുവിന്‍. 
7 ചെല്ലുന്പോള്‍ നിങ്ങള്‍ ഈ സന്ദേശം അവര്‍ക്കായി പ്രസംഗിക്കുക, ‘സ്വര്‍ഗ്ഗരാജ്യം വരാറായി.’ 
8 രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക, കുഷ്ഠരോഗികളെ സുഖപ്പെടുത്തുക, മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കുക. ഞാന്‍ നിങ്ങള്‍ക്കതിനുള്ള കഴിവുകള്‍ സൌജന്യമായി തന്നു. അതിനാല്‍ നിങ്ങള്‍ ആളുകളെ സൌജന്യമായി സഹായിക്കുക. 
9 സ്വര്‍ണ്ണമോ വെള്ളിയോ ചെന്പോ ആയ നാണയങ്ങള്‍ നിങ്ങള്‍ എടുക്കരുത്. 
10 ഒരു സഞ്ചിയും എടുക്കരുത്. ധരിക്കുന്ന വസ്ത്രവും ചെരുപ്പും മാത്രം എടുക്കുക. ഊന്നുവടി എടുക്കാതിരിക്കുക. വേലക്കാരന് തന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുവാന്‍ യോഗ്യനല്ലോ. 
11 “'നിങ്ങള്‍ ഒരു നഗരത്തിലോ, ഗ്രാമത്തിലോ, പ്രവേശിക്കുന്പോള്‍ യോഗ്യനായൊരാളെ കണ്ടെത്തി നിങ്ങളവിടം വിട്ടു പോകുംവരെ അയാളുടെ വീട്ടില്‍ താമസിക്കുക. 
12 ഏതെങ്കിലും വീട്ടില്‍ പ്രവേശിക്കുന്പോള്‍ ‘നിങ്ങള്‍ക്കു സമാധാനം’ എന്നു പറയുക.’ 
13 ആ വീട്ടുകാര്‍ നിങ്ങളെ സ്വാഗതം ചെയ്താല്‍ നിങ്ങളുടെ സമാധാനത്തിന് അവര്‍ യോഗ്യരാണ്. നിങ്ങളാശംസിച്ച സമാധാനം അവര്‍ക്കുണ്ടാകട്ടെ. മറിച്ച് അവര്‍ നിങ്ങളെ സ്വാഗതം ചെയ്തില്ലെങ്കില്‍ സമാധാനത്തിന് അവരര്‍ഹരല്ല. ആശംസിച്ചതു തിരികെയെടുക്കുക. 
14 ഒരു വീടോ, ഗ്രാമമോ തന്നെ നിങ്ങളെ സ്വീകരിക്കാനോ ശ്രവിക്കാനോ മടിച്ചാല്‍ അവിടം വിട്ടുപോവുക. നിങ്ങളുടെ കാലില്‍ പറ്റിയ അവരുടെ പൊടി തട്ടിക്കളയുക. 
15 ഞാന്‍ നിങ്ങളോടു സത്യമായി പറയാം. വിധിദിവസം ആ നഗരത്തിന്റെ അവസ്ഥ സൊദോം ഗൊമോരയുടെ അവസ്ഥയേക്കാള്‍ കഷ്ടമായിരിക്കും. 
യേശു മുന്നറിയിപ്പു നല്കുന്നു 
(മര്‍ക്കൊ. 13:9-13; ലൂക്കൊ. 21:12-17) 
16 “ശ്രദ്ധിക്കുക! ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ചെന്നായ്ക്കള്‍ക്കിടയിലെ ചെമ്മരിയാടുകളെപ്പോലെയാണ് നിങ്ങള്‍. അതിനാല്‍ നിങ്ങള്‍ പാന്പുകളെപ്പോലെ വിവേകശാലി കളായിരിക്കുക. എന്നാല്‍ പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കണം. 
17 ആളുകളെ സൂക്ഷിക്കുക. അവര്‍ നിങ്ങളെ പിടിച്ച് വിധിച്ചേക്കാം. അവര്‍ തങ്ങളുടെ യെഹൂദപ്പള്ളികളില്‍വച്ച് നിങ്ങള്‍ക്കു ചാട്ടയടി നല്‍കിയേക്കാം. 
18 നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുന്പില് നിങ്ങള്‍ക്കു നില്‍ക്കേണ്ടി വന്നേക്കാം. എന്നെ പ്രതിയാണ് നിങ്ങളോടവരിതു ചെയ്യുന്നത്. അവിടെ അവരോടും ജാതികളോടും നിങ്ങള്‍ എന്നെപ്പറ്റി പറയും. 
19 പിടിക്കപ്പെടുന്പോള്‍ എന്ത് എങ്ങനെ പറയുമെന്നോര്‍ത്ത് ദുഃഖിക്കേണ്ട. നിങ്ങള്‍ പറയേണ്ടത് എന്തെന്ന് നിങ്ങള്‍ക്ക് നല്കപ്പെടും. 
20 അപ്പോള്‍ നിങ്ങളായിരിക്കില്ല സംസാരിക്കുന്നത്. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുന്നത്. 
21 “സഹോദരന്മാര് സഹോദരന്മാര്ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. പിതാക്കന്മാര് സ്വന്തം മക്കള്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. മക്കള്‍ അപ്പനമ്മമാര്‍ക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലാന്‍ കൊടുക്കും. 
22 നിങ്ങള്‍ എന്റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍ അന്ത്യംവരെ ഉറച്ചു നില്ക്കുന്നവന് രക്ഷിക്കപ്പെടും. 
23 ഒരു നഗരത്തില്‍ മോശമായി അവന് പീഡിപ്പിച്ചാല്‍ അടുത്ത നഗരത്തിലേക്കു പോകുക. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. മനുഷ്യപുത്രന് വീണ്ടും വരുന്നതിനു മുന്‍പ് യിസ്രായേലിലെ എല്ലാ നഗരങ്ങളിലൂടെയും നിങ്ങള്‍ പോയിട്ടുണ്ടാവില്ല. 
24 “ഒരു ശിഷ്യനും തന്റെ ഗുരുവിനെക്കാള്‍ മിടുക്കനല്ല. ഒരു ഭൃത്യനും തന്റെ യജമാനനെക്കാള്‍ മിടുക്കനല്ല. 
25 ഗുരുവിനെപ്പോലെ ആയാല്‍ ശിഷ്യനു തൃപ്തി അടയാം. ഭൃത്യന് യജമാനനെപ്പോലെയും കുടുംബനാഥനെ ബെയെത്സെബൂല്‍ എന്ന പേരില്‍ വിളിക്കപ്പെടുന്നുവെങ്കില്‍ മറ്റംഗങ്ങളെ അതിലും നീചമായി വിളിക്കപ്പെടും. 
ദൈവത്തെയാണ് മനുഷ്യരെയല്ല ഭയപ്പെടേണ്ടത് 
(ലൂക്കൊ. 12:2-7) 
26 “അതിനാല്‍ അവരെ ഭയപ്പെടേണ്ടതില്ല. മറച്ചു വെക്കപ്പെട്ടതെല്ലാം പുറത്തുവരും. രഹസ്യമെല്ലാം പരസ്യമാകും. 
27 ഞാനിതെല്ലാം രഹസ്യമായി നിങ്ങളോടു പറയുന്നു. ഇതെല്ലാം വെളിച്ചത്തില്‍ നിങ്ങള്‍ പറയണം. ഞാനിവ നിങ്ങളോടു മാത്രമാണു പറഞ്ഞിട്ടുള്ളത്. എന്നാല്‍ നിങ്ങളിതെല്ലാം സ്വതന്ത്രമായി ജനങ്ങളോടു പറയണം. 
28 “മനുഷ്യരെ ഭയക്കാതിരിക്കുക. അവര്‍ക്ക് ശരീരത്തെ മാത്രമേ കൊല്ലാനാവൂ. ആത്മാവിനെ കൊല്ലാനാവില്ല. ശരീരത്തെയും ആത്മാവിനെയും മരിപ്പിക്കാന്‍ കഴിയുന്ന ദൈവത്തെ മാത്രം നിങ്ങള്‍ ഭയപ്പെടുക. ശരീരത്തെയും ആത്മാവിനെയും നരകത്തിലേക്കയക്കാന്‍ അവനു കഴിയും. 
29 രണ്ടു ചെറിയ പക്ഷികളെ വിറ്റത് ഒരു ചില്ലിക്കാശിനാണ്. എന്നാല്‍ നിങ്ങളുടെ പിതാവനുവദിക്കാതെ ഒരു പക്ഷിക്കു പോലും ചാകാനാകില്ല. 
30 നിങ്ങളുടെ തലയില്‍ എത്ര മുടികളുണ്ടെന്നുവരെ ദൈവത്തിനറിയാം. 
31 അതിനാല്‍ ഭയക്കേണ്ട. അനേക പക്ഷികളേക്കാള്‍ യോഗ്യരാണ് നിങ്ങള്‍. 
നിങ്ങളുടെ വിശ്വാസത്തെപ്പറ്റി 
(ലൂക്കൊ. 12:8-9) 
32 “മറ്റുള്ളവരുടെ മുന്‍പില്‍നിന്ന് ഒരാള്‍ അവന് എന്നില്‍ വിശ്വസിക്കുന്നുവെന്നു പറഞ്ഞാല്‍ അയാള്‍ എനിക്കുള്ളവന്‍ എന്ന് ഞാന്‍ പറയും. ഞാനിത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുന്‍പിലും പറയും. 
33 എന്നാല്‍ എന്നില്‍ വിശ്വാസമില്ലെന്ന് ജനമദ്ധ്യത്തില്‍ പറയുന്നവന് എനിക്കവകാശപ്പെട്ടവനല്ലെന്നു ഞാനും പറയും. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുന്പില് പോലും. 
യേശുവിനെ അനുഗമിക്കുന്നത് പ്രശ്നങ്ങള്‍ കൊണ്ടുവന്നേക്കാം 
(ലൂക്കൊ. 12:51-53; 14:26-27) 
34 “ഞാന്‍ ഭൂമിയില്‍ സമാധാനം കൈവരിക്കാനാണു വന്നിരിക്കുന്നതെന്നു നിങ്ങള്‍ കരുതരുത്. ഞാന്‍ വന്നത് അതിനല്ല. വാള് എത്തിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. 
35-36 ഇങ്ങനെ സംഭവിപ്പിക്കാനാണു ഞാന്‍ വന്നത്: 
‘ഒരാളുടെ വീട്ടിലുള്ളവര്‍ തന്നെയായിരിക്കും 
അയാളുടെ ശത്രുക്കള്‍. 
മകന് അപ്പനെതിരാകും മകള്‍ അമ്മയ്ക്കെതിരാകും 
മരുമകള്‍ അമ്മായിയമ്മയ്ക്കെതിരും ആകും.’ മീഖാ 7:6 
37 “എന്നെക്കാള്‍ സ്വന്തം അപ്പനെയും അമ്മയെയും സ്നേഹിക്കുന്നവന് എന്റെ ശിഷ്യനാകാന്‍ യോഗ്യനല്ല. എന്നെക്കാള്‍ സ്വന്തം മകനെയോ മകളെയോ സ്നേഹിക്കുന്നവന് എന്റെ ശിഷ്യനാകാന്‍ യോഗ്യനല്ല. 
38 എന്നെ അനുഗമിക്കുന്പോള് ഏല്പിക്കപ്പെട്ട കുരിശു ചുമക്കാന്‍ മടിക്കുന്നവനും എന്റെ ശിഷ്യനാകാന്‍ യോഗ്യനല്ല. 
39 എന്നെക്കാളധികം സ്വന്തം ജീവിതത്തെ സ്നേഹിക്കുന്നവന് യഥാര്‍ത്ഥ ജീവിതം നഷ്ടമാകും. എനിക്കുവേണ്ടി സ്വന്തം ജീവിതം ഉപേക്ഷിക്കുന്നവന് യഥാര്‍ത്ഥ ജീവിതം കണ്ടെത്താനാകും. 
നിങ്ങളെ കൈക്കൊള്ളുന്നവരെ ദൈവം അനുഗ്രഹിക്കും 
(മര്‍ക്കൊ. 9:41) 
40 “നിങ്ങളെ സ്വീകരിക്കുന്നവന് എന്നെയും സ്വീകരിക്കുകയാണ്. എന്നെ സ്വീകരിക്കുന്നവന് എന്നെ അയച്ചവനെയുമാണ് സ്വീകരിക്കുന്നത്. 
41 പ്രവാചകനെ സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കും. ഒരു മനുഷ്യന്റെ നന്മയെപ്രതി അയാളെ സ്വീകരിക്കുന്നവന് നല്ലവനുള്ള പ്രതിഫലം കിട്ടും. 
42 ഒരു ചെറിയവനെ അവനെന്റെ ശിഷ്യനായതിന്റെ പേരില്‍ ആരെങ്കിലും സഹായിച്ചാല്‍ അയാള്‍ക്ക് സത്യമായും സമ്മാനം കിട്ടും. എന്റെ ശിഷ്യന് ഒരു കോപ്പ വെള്ളം മാത്രമേ കൊടുത്തിട്ടുള്ളുവെങ്കിലും ആ പ്രതിഫലം അയാള്‍ക്കു കിട്ടും.”