യേശു നാലായിരത്തിലധികം പേര്‍ക്കു വിളന്പുന്നു 
(മത്താ. 15:32-39) 
8
1 മറ്റൊരിക്കല്‍ വീണ്ടും അനേകംപേര്‍ യേശുവിന്റെ അടുത്തെത്തി. അവര്‍ക്കു കഴിക്കാനൊന്നുമില്ലായിരുന്നു. അതിനാല്‍ യേശു തന്റെ ശിഷ്യന്മാരെ അരികില്‍ വിളിച്ചു. അവന് പറഞ്ഞു, 
2 “എനിക്ക് ഈ ആളുകളോട് അനുകന്പ തോന്നുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അവര്‍ എന്നോടൊപ്പമാണ്. ഇപ്പോഴാകട്ടെ അവര്‍ക്കു തിന്നാനൊന്നുമില്ല. 
3 വിശപ്പോടെ ഞാനവരെ അയയ്ക്കില്ല. അവരെ അങ്ങനെ അയച്ചാല്‍ വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നുവീഴും. അവരില്‍ ചിലര്‍ ഇവിടെനിന്നു വളരെ ദൂരെയാണു താമസം.” 
4 യേശുവിന്റെ ശിഷ്യന്മാര് പറഞ്ഞു, “പക്ഷേ നമ്മള് ജനവാസപ്രദേശത്തുനിന്നു വളരെ അകലെയാണ്. ഇത്രയും പേര്‍ക്കാവശ്യമുള്ളത്ര അപ്പം എവിടെനിന്നു കിട്ടും?” 
5 അപ്പോള്‍ യേശു ചോദിച്ചു, “നിങ്ങളുടെ കൈയില്‍ എത്ര അപ്പമുണ്ട്?” 
അവര്‍ പറഞ്ഞു, “ഏഴ്.” 
6 യേശു ആള്‍ക്കാരോട് നിലത്തിരിക്കാന്‍ കല്പിച്ചു. അനന്തരം അവന് ഏഴ് അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അപ്പം മുറിച്ച് അവന് ശിഷ്യന്മാരെ ഏല്പിച്ചു. അവ ആളുകള്‍ക്ക് വിളന്പാന്‍ അവന് കല്പിച്ചു. ശിഷ്യന്മാര് അങ്ങനെ ചെയ്തു. 
7 ശിഷ്യന്മാരുടെ വശം കുറച്ചു ചെറിയ മീനും ഉണ്ടായിരുന്നു. യേശു മീന്‍ തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് ശിഷ്യന്മാരെ ഏല്പിച്ചു. എന്നിട്ട് അവയും വിതരണം ചെയ്യാന്‍ പറഞ്ഞു. 
8 എല്ലാവരും വയറു നിറയെ ഭക്ഷിച്ചു. എന്നിട്ടും ഏഴു കുട്ട ഭക്ഷണം അവര്‍ ശേഖരിച്ചു. 
9 നാലായിരത്തോളം പേര് ആഹാരം കഴിച്ചിരുന്നു. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ വീടിനുള്ളിലേക്കു പൊയ്ക്കൊള്ളാന്‍ യേശു അവരോടു പറഞ്ഞു. 
10 യേശു ശിഷ്യന്മാരോടൊത്ത് വള്ളത്തില്‍ കയറി ദല്‍മനൂഥയിലേക്കു പോയി. 
പരീശന്മാര് യേശുവിനെ പരീക്ഷിക്കാനൊരുങ്ങുന്നു 
(മത്താ. 16:1-4; ലൂക്കൊ. 11:16, 29) 
11 പരീശന്മാര് വന്ന് യേശുവിനോടു ചില ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ക്ക് യേശുവിനെ പരീക്ഷിക്കണമായിരുന്നു. അവന് ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെങ്കില്‍ ആകാശത്തുനിന്ന് ഒരത്ഭുതകര്‍മ്മം കാണിക്കാനവര്‍ ആവശ്യപ്പെട്ടു. 
12 യേശു മാനസികമായ വ്യഥ അനുഭവിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ശബ്ദത്തോടെ പറഞ്ഞു, “എന്താണു നിങ്ങള്‍ അടയാളമായി ഒരത്ഭുതം കാണിക്കാനാവശ്യപ്പെടുന്നത്? ഞാന്‍ നിങ്ങളോടു സത്യം പറയാം. ഈ തലമുറയ്ക്ക് അടയാളമൊന്നും തരികയില്ല.” 
13 അനന്തരം യേശു പരീശന്മാരെ വിട്ട് ഒരു വഞ്ചിയില്‍ കയറി മറുകരയിലേക്കു പോയി. 
യെഹൂദ നേതാക്കന്മാര്ക്ക് യേശു മുന്നറിയിപ്പു നല്കുന്നു 
(മത്താ. 16:5-12) 
14 വഞ്ചിയില്‍ ശിഷ്യന്മാരുടെ കയ്യില്‍ ഒരപ്പക്കഷണമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കരുതാനവര്‍ മറന്നു. 
15 യേശു അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു, “സൂക്ഷിച്ചിരിക്കുക, പരീശന്മാരുടെയും ഹെരോദാവിന്റെയും പുളിമാവിനെ സൂക്ഷിക്കുക.” 
16 ശിഷ്യന്മാര് അതിന്റെ അര്‍ത്ഥം എന്തെന്ന് ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞു, “നമുക്ക് അപ്പം ഇല്ലാത്തതിനാലായിരിക്കാം അവന് ഇങ്ങനെ പറഞ്ഞത്.” 
17 ശിഷ്യന്മാര് ഇതെപ്പറ്റിയാണ് പറയുന്നതെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന് അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ അപ്പമില്ലാത്തതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്? നിങ്ങളുടെ മനസ്സ് അടഞ്ഞിരിക്കുന്നോ? നിങ്ങള്‍ ഇനിയും കാണുകയോ, മനസ്സിലാക്കുകയോ ചെയ്യാത്തതെന്താണ്? 
18 ചയില്ലാത്ത കണ്ണുകളോ നിങ്ങള്‍ക്കുള്ളത്? ശ്രവണശക്തിയില്ലാത്ത കാതുകളോ നിങ്ങളുടേത്? നമുക്ക് ആവശ്യത്തിന് അപ്പമില്ലാതിരുന്നപ്പോള്‍ ഞാന്‍ ചെയ്തത് ഓര്‍ക്കുന്നില്ലേ? 
19 അഞ്ചപ്പം കൊണ്ട് ഞാന്‍ അയ്യായിരം പേരെ തൃപ്തരാക്കി. മിച്ചം വന്ന അപ്പം ശേഖരിച്ചത് ഓര്‍ക്കുന്നില്ലേ?” 
ശിഷ്യന്മാര് പറഞ്ഞു, “പന്ത്രണ്ടു കുട്ടകള്‍.” 
20 “ഏഴ് അപ്പക്കഷണങ്ങളെ നാലായിരം പേര്‍ക്കു ഞാന്‍ വിളന്പിയത് ഓര്‍ക്കുന്നില്ലേ? മിച്ചം വന്ന എത്ര അപ്പക്കുട്ടകള്‍ നിങ്ങള്‍ ശേഖരിച്ചു?” 
ശിഷ്യന്മാര് പറഞ്ഞു, “ഏഴ്.” 
21 അനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങളിവയെല്ലാം ഓര്‍ക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്തത് എന്ത്?” 
യേശു ബേത്ത്സയിദയില്‍ അന്ധനു കാഴ്ച നല്കുന്നു 
22 യേശുവും ശിഷ്യന്മാരും ബേത്ത്സയിദയിലെത്തി. അവിടെ ചിലര്‍ ചേര്‍ന്ന് ഒരന്ധനെ യേശുവിന്റെ മുന്പിലെത്തിച്ചു. അവനെ സ്പര്‍ശിക്കാനവര്‍ യേശുവിനോടപേക്ഷിച്ചു. 
23 അതിനാല്‍ യേശു അന്ധന്റെ കരം പിടിച്ച് ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയി. യേശു അയാളുടെ കണ്ണുകളിലേക്ക് തുപ്പി. എന്നിട്ട് അയാളുടെ മേല്‍ കൈകള്‍വച്ച് ചോദിച്ചു, “നിനക്കിപ്പോള്‍ എന്തെങ്കിലും കാണാമോ?” 
24 അന്ധന് നോക്കി പറഞ്ഞു, “അതെ എനിക്കിപ്പോള്‍ മനുഷ്യരെ കാണാം, അവര്‍ മരങ്ങള്‍പോലെ ചുറ്റും നടക്കുന്നു.” 
25 യേശു വീണ്ടും അയാളുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അപ്പോളയാള്‍ കണ്ണു മലര്‍ക്കെ തുറന്നു. അയാളുടെ കണ്ണുകള്‍ സുഖം പ്രാപിച്ചു. അയാള്‍ക്ക് എല്ലാം വ്യക്തമായി കാണാം എന്നായി. 
26 യേശു അയാളോട്, “നഗരത്തില്‍ പോകരുത്” എന്നും വീട്ടിലേക്കു പോകാനും പറഞ്ഞു. 
യേശു ക്രിസ്തുവാണെന്ന് പത്രൊസ് 
(മത്താ. 16:13-20; ലൂക്ക. 9:18-21) 
27 യേശുവും ശിഷ്യന്മാരും ഫീലിപ്പൊസിന്റെ കൈസര്യയ്ക്കു പോയി. അവര്‍ നടക്കുന്നതിനിടയില്‍ യേശു അവന്റെ ശിഷ്യന്മാരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?” 
28 ശിഷ്യന്മാര് പറഞ്ഞു, “നീ സ്നാപകയോഹന്നാനാണെന്നു ചിലര്‍ പറയുന്നു, ഏലിയാവ് ആണെന്നു മറ്റു ചിലര്‍, വേറെ ചിലര്‍ പറയുന്നത് നീ പ്രവാചകന്മാരില് ഒരാളാണെന്നാണ്.” 
29 അപ്പോള്‍ യേശു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്.” 
പത്രൊസ് പറഞ്ഞു, “അങ്ങാണു ക്രിസ്തു.” 
30 യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഞാനാരാണെന്ന് ആരോടും പറയരുത്.” 
തനിക്ക് മരിക്കേണ്ടിവരുമെന്ന് യേശു പറയുന്നു 
(മത്താ. 16:21-28; ലൂക്കൊ. 9:22-27) 
31 അനന്തരം മനുഷ്യപുത്രന് ഒരുപാട് സഹിക്കാനുണ്ടെന്ന് യേശു അവരെ പഠിപ്പിക്കാന്‍ തുടങ്ങി. മനുഷ്യപുത്രന് മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തള്ളപ്പെടുമെന്നും അവന് പഠിപ്പിച്ചു. മനുഷ്യപുത്രന് കൊല്ലപ്പെടുമെന്നും മൂന്നാംനാള്‍ അവന് മരണത്തില്‍നിന്നും ഉയിര്ത്തെഴുന്നേല്ക്കുമെന്നും യേശു പഠിപ്പിച്ചു. അവന് ഒന്നും രഹസ്യമായിവെച്ചില്ല. 
32 പത്രൊസ് ഒറ്റയ്ക്ക് യേശുവിനോടു സംസാരിക്കാന്‍ തുടങ്ങി. 
അതെല്ലാം പറഞ്ഞതിനാല്‍ പത്രൊസ് യേശുവിനെ വിമര്‍ശിച്ചു. 
33 പക്ഷേ യേശു തിരിഞ്ഞ് തന്റെ ശിഷ്യന്മാരെ നോക്കി. അനന്തരം അവന് പത്രൊസിനെ ശകാരിച്ചു. യേശു പത്രൊസിനോടു പറഞ്ഞു, “സാത്താനേ! എന്റെയടുത്തു നിന്നു പോകൂ, നിന്റെ ചിന്ത ദൈവീകമല്ല. മനുഷ്യര്‍ പ്രധാനമെന്ന് കരുതുന്നവയാണ് നീ ചിന്തിക്കുന്നത്.” 
34 അനന്തരം യേശു ജനങ്ങളെ തന്റെ അരികിലേക്കു വിളിച്ചു. അവന്റെ ശിഷ്യന്മാരും അവിടെയുണ്ടായിരുന്നു. അപ്പോള്‍ യേശു പറഞ്ഞു, “എന്നെ പിന്തുടരാന് ആഗ്രഹിക്കുന്നവന് അവനെത്തന്നെ ഉപേക്ഷിക്കണം. അവന് തന്റെ കുരിശുമെടുത്ത് എന്നെ പിന്തുടരണം. 
35 സ്വന്തം ജീവന് രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടമാകും. എന്നാല്‍ സ്വന്തജീവന്‍ എനിക്കും സുവിശേഷത്തിനുമായി നല്കുന്നവന് എന്നെന്നേക്കുമായി രക്ഷിക്കപ്പെടും. 
36 സ്വന്തം ആത്മാവ് നരകത്തില്‍ നഷ്ടപ്പെടുന്നവന് ലോകം മുഴുവനും കിട്ടിയാലും എന്തു പ്രയോജനം? 
37 ആത്മാവ് തിരിച്ചുകിട്ടാന്‍ പകരം മറ്റെന്തെങ്കിലും കൊടുക്കാന്‍ ഒരുവനും കഴിയില്ല. 
38 ഇന്നത്തെയാള്‍ക്കാര്‍ പാപപൂര്‍ണ്ണവും ദുഷ്ടവുമായ കാലത്താണ് ജീവിക്കുന്നത്. എന്നെപ്പറ്റിയും എന്റെ ഉപദേശത്തെപ്പറ്റിയും ലജ്ജിക്കുന്നവരെക്കുറിച്ച് ഞാന്‍ ലജ്ജിക്കും. എന്റെ പിതാവിന്റെ മഹത്വത്തോടും വിശുദ്ധദൂതന്മാരോടും കൂടെ എഴുന്നെള്ളുന്പോള് അയാളെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കും.”