യേശു ഒരു ദാസനെ സുഖപ്പെടുത്തുന്നു 
(മത്താ. 8:5-13; യോഹ. 4:43-54) 
7
1 യേശു ജനങ്ങളോടു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അനന്തരം അവന് കഫര്‍ന്നഹൂമിലേക്കു പോയി. 
2 അവിടെ ഒരു ശതാധിപനുണ്ടായിരുന്നു. അയാള്‍ക്ക് രോഗത്താല്‍ മരണാസന്നനായൊരു ദാസനുണ്ടായിരുന്നു. ശതാധിപന് ദാസനെ വളരെയധികം സ്നേഹിച്ചിരുന്നു. 
3 യേശുവിനെപ്പറ്റി കേട്ട അയാള്‍ ജനത്തിന്റെ മൂപ്പന്മാരെ അദ്ദേഹത്തിനടുത്തേക്ക് അയച്ചു. അവിടെയെത്തി തന്റെ ദാസന്റെ ജീവന് രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കാനാണയാള്‍ അവരെ അയച്ചത്. 
4 അവര്‍ യേശുവിന്റെ അടുത്തെത്തി. ശതാധിപനെ സഹായിക്കണമെന്ന് അവര്‍ യേശുവിനോട് യാചിച്ചു. 
5 അവര്‍ പറഞ്ഞു, “നിന്റെ സഹായത്തിന് ഈ ശതാധിപന് അര്‍ഹനാണ്. എന്തെന്നാല്‍ അയാള്‍ നമ്മുടെ ജനതയെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി യെഹൂദപ്പള്ളി പണിയുകയും ചെയ്തിട്ടുണ്ട്.” 
6 യേശു അവരോടൊത്തു പോയി. അവന് ശതാധിപന്റെ വീടിനടുത്തെത്തിയപ്പോള്‍ അയാള്‍ തന്റെ സുഹൃത്തുക്കളെ അയച്ച് ഇങ്ങനെ പറയിപ്പിച്ചു. “കര്‍ത്താവേ, അങ്ങ് എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ല. അങ്ങയെ അവിടെവച്ചു സ്വീകരിക്കാന്‍ ഞാന്‍ അര്‍ഹനല്ല. 
7 അതാണു ഞാന്‍ സ്വയം അങ്ങയുടെ അടുത്തേക്ക് വരാതിരുന്നത്. എന്റെ ദാസന് ഭേദമാകാന്‍ അങ്ങു കല്പിക്കുക മാത്രമേ വേണ്ടൂ. 
8 ഞാന്‍ തന്നെ മറ്റുള്ളവരുടെ അധികാരത്തിന്‍കീഴിലാണ്. എന്റെ അധികാരത്തിന് കീഴില്‍ പടയാളികളുണ്ട്. അവരിലൊരുവനോടു ഞാന്‍ ‘പോകൂ’ എന്നു പറഞ്ഞാലവന്‍ പോകും. മറ്റൊരുവനോട് ‘വരൂ’ എന്നു പറഞ്ഞാലവന്‍ വരും. ഞാനെന്റെ ദാസനോട് ‘അതു ചെയ്യൂ’ എന്നു പറഞ്ഞാലവന്‍ എന്നെ അനുസരിക്കും.” 
9 ഇതു കേട്ട യേശു അത്ഭുതം കൂറി. യേശു തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തിന്റെ നേര്‍ക്കൂ തിരിഞ്ഞു. അവന് പറഞ്ഞു, “ഞാന്‍ പറയുന്നു, ഇങ്ങനെയൊരു വിശ്വാസം ഞാനൊരിടത്തും കണ്ടിട്ടില്ല. യിസ്രായേലില്‍ പോലും.” 
10 യേശുവിനടുത്തേക്ക് അയയ്ക്കപ്പെട്ടവര്‍ തിരികെ വീട്ടിലെത്തി. അവരുടെ ദൃത്യന്‍ സുഖം പ്രാപിച്ചിരിക്കുന്നതവര്‍ കണ്ടു. 
യേശു ഒരാളെ ജീവിപ്പിക്കുന്നു 
11 പിറ്റേന്ന് യേശു നയീന്‍ എന്ന പട്ടണത്തിലേക്കു പോയി. യേശുവിന്റെ ശിഷ്യന്മാരും വലിയൊരു കൂട്ടം ജനങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 
12 അവര്‍ നഗരകവാടത്തിന് അടുത്തെത്തിയപ്പോള്‍ അവന് ഒരു ശവസംസ്കാരം കണ്ടു. വിധവയായ ഒരമ്മയ്ക്ക് അവരുടെ ഏക മകനെയും നഷ്ടപ്പെട്ടു. മൃതദേഹം പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ നഗരത്തില്‍ നിന്നുവന്ന അനവധിയാളുകള്‍ അവളോടൊപ്പം ഉണ്ടായിരുന്നു. 
13 അവളെ കണ്ട യേശുവിന് തന്റെ മനസ്സില്‍ അവളോട് അനുകന്പ തോന്നി. യേശു അവളോടു പറഞ്ഞു, “കരയരുത്.” 
14 യേശു ശവപ്പെട്ടിക്കരികിലേക്കു നടന്നുചെന്ന് അതില്‍ തൊട്ടു. ശവപ്പെട്ടി ചുമന്നിരുന്നവര്‍ നിന്നു. യേശു മരിച്ച പുത്രനോടു പറഞ്ഞു, “യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കൂ!” 
15 അപ്പോളവന് എഴുന്നേറ്റിരുന്ന് സംസാരിക്കുവാന്‍ തുടങ്ങി. യേശു അയാളെ അയാളുടെ അമ്മയ്ക്ക് നല്കി. 
16 എല്ലാവരും അത്ഭുതപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചു. അവര്‍ പറഞ്ഞു, “ഒരു മഹാപ്രവാചകന് നമ്മള്‍ക്കിടയിലേക്ക് വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ ശ്രദ്ധിക്കുന്നു.” 
17 (യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യയിലും പരിസരങ്ങളിലും പരന്നു.) 
യോഹന്നാന് ഒരു ചോദ്യം ചോദിക്കുന്നു 
(മത്താ. 11:2-19) 
18 ഇക്കാര്യങ്ങളെല്ലാം യോഹന്നാനോട് അയാളുടെ ശിഷ്യന്മാര് പറഞ്ഞു. അയാള്‍ തന്റെ രണ്ടു ശിഷ്യന്മാരെ വിളിച്ചു. 
19 യേശുവിന്റെ അടുത്തുചെന്ന് ഇങ്ങനെ ചോദിക്കുവാന്‍ അയാള്‍ അവരോടു പറഞ്ഞു, “നീയാണോ വരാനിരിക്കുന്നവന്‍? അതോ, മറ്റൊരുവനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കണോ?” 
20 അവര്‍ യേശുവിന്റെ അടുത്തെത്തി. അവര്‍ പറഞ്ഞു, “സ്നാപകയോഹന്നാനാണ് ഞങ്ങളെ നിന്റെ അടുത്തേക്കയച്ചത്. ഈ ചോദ്യം ചോദിക്കുന്നതിനായി, ‘നീയാണോ, വരാനിരിക്കുന്നവന്‍’ അതോ ഞങ്ങളിനി മറ്റൊരുവനുവേണ്ടി കാത്തിരിക്കണോ?” 
21 അതേസമയം യേശു അനേകം പേരെ അവരുടെ രോഗങ്ങളില്‍ നിന്നും വ്യാധികളില്‍നിന്നും സുഖപ്പെടുത്തിയിരുന്നു. അശുദ്ധാത്മാക്കളില്‍നിന്നും രക്ഷിച്ചിരുന്നു. അവന് അനേകം അന്ധര്‍ക്കു കാഴ്ച നല്‍കിയിരുന്നു. 
22 അപ്പോള്‍ യേശു യോഹന്നാന്റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളിവിടെ കണ്ടതും കേട്ടതുമെല്ലാം യോഹന്നാനോടു ചെന്നു പറയൂ, അന്ധര്‍ക്കു കാഴ്ച കിട്ടിയത്, വാതരോഗി എഴുന്നേറ്റു നടന്നത്. കുഷ്ഠരോഗി സുഖപ്പെട്ടത്. ബധിരനു കേള്‍ക്കാനായത്. മരിച്ചവര്‍ ജീവിച്ചത്. പാവപ്പെട്ടവര്‍ക്ക് ദൈവരാജ്യം നല്കിയ വാര്‍ത്തയും 
23 വിശ്വാസത്തിനു തടസ്സമായി എന്നെ കാണാത്തവര്‍ അനുഗ്രഹീതര്‍.” 
24 യോഹന്നാന്റെ ശിഷ്യന്മാര് പോയപ്പോള്‍ യേശു യോഹന്നാനെപ്പറ്റി ജനങ്ങളോടു പറഞ്ഞു, “നിങ്ങള്‍ എന്തു കാണാനായിരുന്നു മരുഭൂമിയിലേക്ക് പോയത്? കാറ്റില്‍ ഊതുന്ന കാട്ടുപുല്ലിനെയോ? 
25 അല്ലാതെന്തു കാണാനാണു നിങ്ങള്‍ പോയത്? നേരിയ തുണികൊണ്ടുള്ള വസ്ത്രം ധരിച്ചൊരുവനെയോ? നേരിയ തുണികൊണ്ടു തയ്പ്പിച്ച നല്ല വസ്ത്രം ധരിച്ചവര്‍ രാജകൊട്ടാരത്തിലാണ് ജീവിക്കുന്നത്. 
26 യഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണുവാനാണു പോയത്? ഒരു പ്രവാചകനെ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന് ഒരു പ്രവാചകനിലുമധികം എന്തോ ആണ്.” 
27 അയാളെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: 
‘ശ്രദ്ധിക്കൂ, നിന്റെ മുന്പില് എന്റെ ദൂതനെ ഞാനയയ്ക്കുന്നു. 
അവന് നിനക്കായി വഴിയൊരുക്കും.’ മലാഖി 3:1 
28 “ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന് ഇതുവരെ ജനിച്ച ആരെക്കാളും ശ്രേഷ്ഠനാണ്. എന്നാല്‍ ദൈവരാജ്യത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞവന്‍പോലും അയാളെക്കാള്‍ ശ്രേഷ്ഠനാണ്.” 
29 ഇതുകേട്ട് എല്ലാവരും ദൈവത്തിന്റെ നീതിയെ അംഗീകരിച്ചു. നികുതിപിരിവുകാര്‍ പോലും. അവര്‍ എല്ലാം യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടവരാണ്. 
30 എന്നാല്‍ പരീശന്മാരും ശാസ്ത്രിമാരും തങ്ങള്‍ക്കായുള്ള ദൈവഹിതം നിരസിക്കുകയും അവരെ സ്നാനപ്പെടുത്താന്‍ യോഹന്നാനെ അനുവദിക്കാതിരിക്കുകയും ചെയ്തു. 
31 “ഇക്കാലത്തെ മനുഷ്യരെപ്പറ്റി ഞാനെന്തു പറയാന്‍? അവരെ ഞാന്‍ എന്തിനോടുപമിക്കും? അവര്‍ എന്തിനെപ്പോലെയാണ്? 
32 അവര്‍ ചന്തക്കുട്ടികളെപ്പോലെയാണ്. അവര്‍ ഇങ്ങനെയൊക്കെ പരസ്പരം പറയുന്നു. 
‘ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, 
പക്ഷേ നിങ്ങള്‍ നൃത്തം വെച്ചില്ല; 
ഞങ്ങള്‍ നിങ്ങള്‍ക്കായി ദുഃഖഗാനം 
പാടി പക്ഷേ നിങ്ങള്‍ കരഞ്ഞില്ല.’ 
33 സ്നാപകയോഹന്നാന് വന്നു. പക്ഷേ അവന് മറ്റുള്ളവരില്‍ നിന്നു വിരുദ്ധമായി ആഹാരം കഴിക്കുകയോ വീഞ്ഞ് കുടിക്കുകയോ ചെയ്തില്ല. എന്നാല്‍ നിങ്ങള്‍ പറയുന്നു, ‘അവനില്‍ ഭൂതമുണ്ട്.’ 
34 മനുഷ്യപുത്രന് മറ്റുള്ളവരെപ്പോലെ തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്തു. നിങ്ങള്‍ പറയുന്നു, ‘അവനെ നോക്കൂ, അവന് നിറയെ തിന്നുകയും മദ്യം കഴിയ്ക്കുകയും ചെയ്യുന്നു. അവന് ചുങ്കക്കാരുടെയും മറ്റു ദുഷിച്ചവരുടെയും കൂട്ടുകാരന്.’ 
35 പക്ഷേ ജ്ഞാനം അതിന്റെ എല്ലാ പ്രവൃത്തികളാലും സാധൂകരിക്കപ്പെടുന്നു.” 
ശിമോന് എന്ന പരീശന്‍ 
36 പരീശന്മാരിലൊരാള്‍ തന്നോടൊപ്പം ആഹാരം കഴിക്കണമെന്ന് യേശുവിനോട് ആവശ്യപ്പെട്ടു. യേശു അവന്റെ വീട്ടിലെത്തി ഭക്ഷണത്തിനിരുന്നു. 
37 അപ്പോഴവിടെ നഗരത്തിലെ പാപിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു പരീശന്റെ വീട്ടില്‍ ആഹാരം കഴിക്കാനെത്തുമെന്ന് അവളറിഞ്ഞിരുന്നു. അവള് ഒരു ഭരണിയില്‍ സുഗന്ധതൈലം കൊണ്ടുവന്നിരുന്നു. 
38 അവള് യേശുവിന്റെ പിന്നില്‍ അവന്റെ കാലുകള്‍ക്കടുത്തായി നിന്നു കരഞ്ഞു. അവള് അവന്റെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകുവാന്‍ തുടങ്ങി. അവള് യേശുവിന്റെ പാദങ്ങള്‍ തന്റെ തലമുടി കൊണ്ടു തുടച്ചു. അവള് അവന്റെ കാലുകളില്‍ തുടരെ ചുംബിക്കുകയും സുഗന്ധതൈലം പുരട്ടി തടവുകയും ചെയ്തു. 
39 യേശുവിന്റെ ആതിഥേയനായ പരീശന്‍ അതു കണ്ടു. അയാള്‍ ആലോചിച്ചു. യേശു ഒരു പ്രവാചകനായിരുന്നുവെങ്കില്‍ തന്നെ സ്പര്‍ശിച്ചിരിക്കുന്നത് ഒരു പാപിനിയാണെന്ന് അവനറിയാമായിരുന്നു. 
40 യേശു പരീശനോടു പറഞ്ഞു, “ശിമോനെ, എനിക്കു നിന്നോട് ചിലതു പറയാനുണ്ട്.” 
ശിമോന് പറഞ്ഞു, “ഗുരോ പറയൂ, ഞാന്‍ ശ്രദ്ധിക്കുകയാണ്.” 
41 യേശു പറഞ്ഞു, “ഒരിടത്ത് രണ്ടു പേരുണ്ടായിരുന്നു. അവര്‍ പണം കടം കൊടുക്കുന്ന ഒരാളുടെ കടക്കാരനായിരുന്നു. ഒരാള്‍ക്ക് അഞ്ഞൂറ് ദിനാറും മറ്റെയാള്‍ക്ക് അന്‍പതു ദിനാറും കടമായിരുന്നു ഉണ്ടായിരുന്നത്. 
42 പണമില്ലാത്തതിനാല്‍ അവര്‍ക്കു കടം വീട്ടുവാനാകുമായിരുന്നില്ല. അപ്പോള്‍ അയാള്‍ രണ്ടാളോടും പണം തിരികെ തരേണ്ടെന്നു പറഞ്ഞു. ഇവരിലാര്‍ക്കാവും അയാളോടു കൂടുതല്‍ സ്നേഹം?” 
43 ശിമോന് പറഞ്ഞു, “കൂടുതല്‍ പണം കടം വാങ്ങിയവനാകും കൂടുതല്‍ സന്തോഷം.” 
യേശു ശിമോനോടു പറഞ്ഞു, “നീ പറഞ്ഞത് ശരിയാണ്.” 
44 അനന്തരം യേശു ആ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞ് ശിമോനോടു പറഞ്ഞു, “നീ ഈ സ്ത്രീയെ കാണുന്നുണ്ടോ? ഞാന്‍ നിന്റെ വീട്ടില്‍ വന്നപ്പോള്‍ നീയെനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല. എന്നാല്‍ ഇവള് തന്റെ കണ്ണുനീരു കൊണ്ട് എന്റെ കാലു കഴുകുകയും മുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തു. 
45 നീ എന്നെ ചുംബിച്ചില്ല. എന്നാല്‍ ഞാനകത്തു കടന്ന സമയം മുതല്‍ ഇവള് എന്റെ കാലുകളെ ചുംബിക്കുന്നത് ഒരിക്കലും നിര്‍ത്തിയില്ല. 
46 നീ എന്റെ തലയില്‍ തൈലം പുരട്ടി തടവിയില്ല. പക്ഷേ ഇവള് എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പുരട്ടി തടവി. 
47 ഞാന്‍ നിന്നോടു പറയുന്നു. ഇവളുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. ഇതു വ്യക്തമാണ്. എന്തെന്നാല്‍ അവള് അവളുടെ മഹത്തായ സ്നേഹം പ്രകടിപ്പിച്ചു. ആരോടു കുറച്ചു ക്ഷമിക്കുന്നുവോ അയാള്‍ അല്പം സ്നേഹിക്കുന്നു.” 
48 അനന്തരം യേശു അവളോടു പറഞ്ഞു, “നിന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.” 
49 യേശുവിനോടു കൂടെ ഭക്ഷണം കഴിക്കുന്നവര്‍ പറഞ്ഞു, “അവന് ആരാണെന്നാണവന്റെ വിചാരം? അവനെങ്ങനെ പാപങ്ങള്‍ പൊറുക്കാന്‍ കഴിയും?” 
50 യേശു ആ സ്ത്രീയോടു പറഞ്ഞു, “നിന്റെ വിശ്വാസം നിന്നെ നിന്റെ പാപങ്ങളില്‍ നിന്നു രക്ഷിച്ചു. സമാധാനത്തോടെ പോകൂ.”