പീലാത്തൊസ് യേശുവിനെ ചോദ്യം ചെയ്യുന്നു 
(മത്താ. 27:1-2, 11-14; മര്‍ക്കൊ. 15:1-5; യോഹ. 18:28-38) 
23
1 അനന്തരം ആ സംഘം മുഴുവനും എഴുന്നേറ്റ് യേശുവിനെ പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോയി. 
2 അവര്‍ യേശുവിനെതിരെ കുറ്റാരോപണം നടത്താന്‍ തുടങ്ങി. അവര്‍ പീലാത്തൊസിനോടു പറഞ്ഞു, “നമ്മുടെ ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഇവനെ ഞങ്ങള്‍ പിടിച്ചു കൊണ്ടുവന്നിരിക്കുന്നു. കൈസര്‍ക്കു കരം കൊടുക്കരുതെന്ന് ഇവന് ആഹ്വാനം ചെയ്യുന്നു. താന്‍ ക്രിസ്തുവെന്ന രാജാവാണെന്നവന്‍ അവകാശപ്പെടുന്നു.” 
3 പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദന്മാരുടെ രാജാവാണോ?” 
യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.” 
4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും ജനങ്ങളോടുമായി പറഞ്ഞു, “ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല.” 
5 അവര്‍ വീണ്ടും വീണ്ടും പറഞ്ഞു, “പക്ഷേ യേശു ജനങ്ങളുടെ ഇടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. യെഹൂദ്യയിലെങ്ങും അവന് പഠിപ്പിക്കുന്നു. ഗലീലയിലാരംഭിച്ച അവന് ഇപ്പോള്‍ ഇവിടെയും എത്തിയിരിക്കുന്നു!” 
പീലാത്തൊസ് യേശുവിനെ ഹെരൊദാവിന്റെ അടുത്തേക്ക് അയയ്ക്കുന്നു 
6 ഇതു കേട്ടപ്പോള്‍ പീലാത്തൊസ്, യേശു ഗലീലക്കാരനാണോ എന്നന്വേഷിച്ചു. 
7 യേശു ഹെരോദാവിന്റെ അധികാര പരിധിയില്‍പെട്ടവനാണെന്ന് പീലാത്തൊസ് അറിഞ്ഞു. ആ സമയം ഹെരോദാവ് യെരൂശലേമില്‍ ഉണ്ടായിരുന്നതിനാല്‍ പീലാത്തൊസ് യേശുവിനെ അവന്റെ അടുത്തേക്കയച്ചു. 
8 യേശുവിനെ കണ്ടപ്പോള്‍ ഹെരോദാവ് സന്തോഷിച്ചു. ഹെരോദാവ് യേശുവിനെപ്പറ്റി കേട്ടിരുന്നു. അതിനാല്‍ വളരെക്കാലമായി അവനെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരത്ഭുതം കാണാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. യേശു അതു ചെയ്യുമെന്നയാള്‍ പ്രതീക്ഷിച്ചു. 
9 ഹെരോദാവ് യേശുവിനോടു ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ യേശു ഒരു മറുപടിയും പറഞ്ഞില്ല. 
10 മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു. അവര്‍ യേശുവിനെതിരെ പലതും ആക്രോശിക്കുന്നുണ്ടായിരുന്നു. 
11 ഹെരോദാവും ഭടന്മാരും യേശുവിനോടു അവജ്ഞയോടെ പെരുമാറി. അവനെ പരിഹസിച്ചു രാജാവിന്റേതു പോലുള്ള വസ്ത്രങ്ങളണിയിച്ച് കളിയാക്കി. ഹെരോദാവ് യേശുവിനെ പീലാത്തൊസിന്റെ അടുത്തേക്ക് മടക്കിയയച്ചു. 
12 മുന്‍പ് പീലാത്തൊസും ഹെരോദാവും ശത്രുക്കളായിരുന്നു. എന്നാല്‍ ആ ദിവസം അവര്‍ സ്നേഹിതരായി. 
യേശു മരിക്കണം 
(മത്താ. 27:15-26; മര്‍ക്കൊ. 15:6-15; യോഹ. 18:39-19:16) 
13 പീലാത്തൊസ് മഹാപുരോഹിതരോടും യെഹൂദനേതാക്കളോടും ഒപ്പം എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി. 
14 പീലാത്തൊസ് അവരോടു പറഞ്ഞു, “നിങ്ങള്‍ ഈ മനുഷ്യനെ എന്റെയടുക്കല്‍ കൊണ്ടുവന്നു. അവന് ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. നിങ്ങളുടെയെല്ലാം മുന്പില് വച്ച് ഞാന്‍ ഈ മനുഷ്യനെ വിചാരണ ചെയ്തു. എന്നിട്ടും അയാള്‍ ഒരു തെറ്റും ചെയ്തതായി കാണുന്നില്ല. നിങ്ങള്‍ പറയുന്ന ഒരു തെറ്റും അയാള്‍ ചെയ്തിട്ടില്ല. 
15 ഹെരോദാവും ഇവനില്‍ കുറ്റമൊന്നും കണ്ടില്ല. അതിനാലവന് യേശുവിനെ ഇങ്ങോട്ട് തിരിച്ചയച്ചു. നോക്കൂ, വധശിക്ഷ നല്കാന് പറ്റിയ കുറ്റമൊന്നും അവന് ചെയ്തിട്ടില്ല. 
16 അതിനാല്‍ ഏതാനും പ്രഹരങ്ങള്‍ നല്കി ഞാനവനെ വിട്ടയയ്ക്കും.” 
17  + ചില ഗ്രീക്കു പതിപ്പുകളില്‍ ലൂക്കൊസ് പതിനേഴാം വാക്യത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു: “എല്ലാ പെസഹാതിരുന്നാളിനും പീലാത്തൊസ് ഒരു തടവുകാരനെ വിട്ടയയ്ക്കും.” 
18 പക്ഷേ ജനങ്ങള്‍ വിളിച്ചു കൂകി, “അവനെ കൊല്ലുക, ബറബ്ബാസിനെ ഞങ്ങള്‍ക്കായി വെറുതെ വിടുക.” 
19 (നഗരത്തില്‍ കലാപം നടത്തിയതിന് തടവറയില്‍ കഴിയുന്ന ബറബ്ബാസ് ഒരു കൊലയാളി കൂടെയാണ്.) 
20 യേശുവിനെ വെറുതെ വിടാന്‍ പീലാത്തൊസ് ആഗ്രഹിച്ചു. അതയാള്‍ വീണ്ടും അവരോടു പ്രഖ്യാപിച്ചു. 
21 1പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി, “അവനെ കൊല്ലുക, അവനെ ക്രൂശിക്കുക!” 
22 മൂന്നാം തവണയും പീലാത്തൊസ് ജനങ്ങളോടു പറഞ്ഞു, “എന്തിന്? അവന് എന്തു തെറ്റാണ് ചെയ്തത്? അവന് തെറ്റുകാരനല്ല. അവനെ കൊല്ലുന്നതിന് ഞാന്‍ ഒരു കാരണവും കാണുന്നില്ല. അതുകൊണ്ട് അല്പം പ്രഹരിപ്പിച്ച് ഞാനവനെ വിട്ടയയ്ക്കും.” 
23 പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി. യേശുവിനെ ക്രൂശിച്ചുകൊല്ലണമെന്നവര്‍ ആവശ്യപ്പെട്ടു. അവരുടെ ആക്രോശം ശക്തമായി. 
24 അവര്‍ ആവശ്യപ്പെടുംപ്രകാരം ചെയ്യാന്‍ പീലാത്തൊസ് തീരുമാനിച്ചു. 
25 ബറബ്ബാസിനെ മോചിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. ബറബ്ബാസ് കലാപം നടത്തിയതിന് തടവറയിലായിരുന്നു. പീലാത്തൊസ് ബറബ്ബാസിനെ മോചിപ്പിച്ചു. പീലാത്തൊസ് യേശുവിനെ കൊല്ലാന്‍ ജനങ്ങള്‍ക്കു വിട്ടു കൊടുത്തു. അവര്‍ക്കു വേണ്ടതും അതായിരുന്നു. 
യേശു കുരിശില്‍ കൊല്ലപ്പെടുന്നു 
(മത്താ. 27:32-44; മര്‍ക്കൊ. 15:21-32; യോഹ. 19:17-19) 
26 ഭടന്മാര് യേശുവിനെ കൊല്ലാന്‍ ദൂരെ കൊണ്ടുപോയി. ആ സമയം വയലില്‍നിന്നും ശിമോന് എന്നൊരാള്‍ നഗരത്തിലേക്കു വരികയായിരുന്നു. കുറേനയില്‍ നിന്നാണയാള്‍ വന്നത്. യേശുവിന്റെ കുരിശും ചുമന്ന് അവനു പിന്നാലെ നടക്കാന്‍ ഭടന്മാര് ശിമോനെ നിര്‍ബന്ധിച്ചു. 
27 അനേകംപേര്‍ യേശുവിനെ അനുഗമിച്ചു. ചില സ്ത്രീകള്‍ സങ്കടംകൊണ്ട് കരയുന്നുണ്ടായിരുന്നു. അവര്‍ അവനുവേണ്ടി ദുഃഖത്തോടെ വിലപിച്ചു. 
28 പക്ഷേ യേശു തിരിഞ്ഞ് അവരോടു പറഞ്ഞു, “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയരുത്. നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളുടെ കുട്ടികള്‍ക്കുവേണ്ടിയും കരയൂ! 
29 ‘വന്ധ്യകള്‍ക്കും പരിപാലിക്കാന്‍ കുട്ടികളില്ലാത്തവര്‍ക്കും ഭാഗ്യം’ എന്ന് ആളുകള്‍ പറയുന്ന സമയം വരും. 
30 അപ്പോള്‍ ആളുകള്‍ പര്‍വ്വതങ്ങളോട് ഞങ്ങളുടെമേല്‍ വന്നു പതിക്കുക എന്നു പറയും.✡ ഉദ്ധരണി ഹോശ. 10:8. ‘മലകളോട് ഞങ്ങളെ മൂടുക’ എന്നും പറയും. 
31 ജീവിതം സുഗമമായ ഇപ്പോള്‍ ഇങ്ങനെ പറയുന്പോള്‍ കഷ്ടകാലത്ത് അവരെന്തു പറയും?” 
32 യേശുവിനോടൊപ്പം രണ്ടു കുറ്റവാളികളെക്കൂടി കൊല്ലാന്‍ കൊണ്ടുപോയിരുന്നു. 
33 “തലയോടിടം” എന്നു പേരുള്ള ഒരു സ്ഥലത്തേക്കാണവരെ കൊണ്ടുപോയത്. അവിടെവെച്ച് ഭടന്മാര് യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ കുറ്റവാളികളെ യേശുവിന്റെ ഇരുവശങ്ങളിലും ക്രൂശിച്ചു. ഒരാള്‍ വലതുവശത്തും മറ്റെയാള്‍ ഇടതുവശത്തും. 
34 യേശു പറഞ്ഞു, “പിതാവേ, എന്നെ വധിക്കുന്ന ഇവരോടു ക്ഷമിക്കേണമേ. എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.” 
യേശുവിന്റെ വസ്ത്രങ്ങള്‍ വീതം വയ്ക്കാന്‍ അവര്‍ നറുക്കിട്ടു. 
35 ജനങ്ങള്‍ അതു നോക്കിനിന്നു. യെഹൂദപ്രമാണികള്‍ യേശുവിനെ പരിഹസിച്ചു, “അവന് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവാണെങ്കില് സ്വയം രക്ഷപെടട്ടെ. അവന് മറ്റുള്ളവരെ രക്ഷിച്ചു. ഇപ്പോള്‍ അവന് അവനെത്തന്നെ രക്ഷിക്കട്ടെ?” 
36 ഭടന്മാര് പോലും അവനെ പരിഹസിച്ചു ചിരിച്ചു. അവര്‍ അടുത്തുവന്ന് യേശുവിനു പുളിക്കുന്ന വീഞ്ഞു കൊടുത്തു. 
37 ഭടന്മാര് പറഞ്ഞു, “നീ യെഹൂദരാജാവെങ്കില്‍ സ്വയം രക്ഷിക്ക്.” 
38 (“ഇത് യെഹൂദരുടെ രാജാവാണ്” എന്ന് കുരിശിനു മുകളില്‍ എഴുതിയിട്ടുണ്ടായിരുന്നു.) 
39 അവനോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവന് യേശുവിനെ നിന്ദിച്ചുപറഞ്ഞു, “നീ ക്രിസ്തുവല്ലേ? എങ്കില്‍ സ്വയം രക്ഷിക്ക്. എന്നിട്ട് ഞങ്ങളെയും രക്ഷിക്ക്!” 
40 എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു. അവന് പറഞ്ഞു, “നീ ദൈവത്തെ ഭയക്കണം. നമ്മളെല്ലാം ഉടന്‍ മരിക്കും. 
41 ഞാനും നീയും കുറ്റവാളികളാണ്. നമ്മള് തെറ്റു ചെയ്തവരായതിനാല്‍ കൊല്ലപ്പെടണം. എന്നാല്‍ ഈ മനുഷ്യന് (യേശു) ഒരു തെറ്റും ചെയ്തിട്ടില്ല.” 
42 എന്നിട്ട് അയാള്‍ യേശുവിനോടു പറഞ്ഞു, “യേശുവേ, നിന്റെ രാജ്യവാഴ്ച തുടങ്ങുന്പോള് എന്നെയും ഓര്‍ക്കുക.” 
43 യേശു അവനോടു പറഞ്ഞു, “ഇന്ന് നീ എന്നോടൊത്ത് പരദീസയിലായിരിക്കും! എന്നു ഞാന്‍ നിന്നോടു സത്യം പറയുന്നു.” 
യേശു മരിക്കുന്നു 
(മത്താ. 27:45-56; മര്‍ക്കൊ. 15:33-41; യോഹ. 19:28-30) 
44 നേരം ഉച്ചയായെങ്കിലും ഉച്ച തിരിഞ്ഞ് മൂന്നു മണിവരെ ആ പ്രദേശമാകെ ഇരുള് വ്യാപിച്ചിരുന്നു. 
45 സൂര്യനെ കാണാന്‍ സാധിച്ചതേയില്ല. ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി. 
46 യേശു ഉച്ചത്തില്‍ നിലവിളിച്ചു. “പിതാവേ, എന്റെ ആത്മാവിനെ ഞാന്‍ നിനക്കര്‍പ്പിക്കുന്നു.”* “പിതാവേ, എന്റെ … നിനക്കര്‍പ്പിക്കുന്നു” ഉദ്ധരണി സങ്കീ. 31:5. ഇത്രയും പറഞ്ഞ് യേശു അന്ത്യശ്വാസം വലിച്ചു. 
47 ശതാധിപന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാള്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു, “ഈ മനുഷ്യന് നല്ലവനാണെന്ന് എനിക്കറിയാമായിരുന്നു.” 
48 ഇതെല്ലാം കാണാന്‍ അനേകംപേര്‍ നഗരത്തില്‍ നിന്നും വന്നു. ഈ രംഗം കണ്ടവര്‍ ദുഃഖിച്ചു മടങ്ങി. 
49 യേശുവിന്റെ അടുത്ത എല്ലാ സുഹൃത്തുക്കളും യേശുവിനെ ഗലീലയില്‍ നിന്നും പിന്തുടര്‍ന്ന ഏതാനും സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ കുരിശില്‍നിന്ന് വളരെ അകന്ന് എല്ലാം കണ്ടു നിന്നു. 
അരിമത്യയിലെ യോസേഫ് 
(മത്താ. 27:57-61; മര്‍ക്കൊ. 15:42-47; യോഹ. 19:38-42) 
50-51 അരിമത്യ എന്ന യെഹൂദപട്ടണത്തിലെ യോസേഫ് എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ നല്ലവനും ധര്‍മ്മിഷ്ടനുമായിരുന്നു. ദൈവരാജ്യത്തിന്റെ വരവ് അയാള്‍ പ്രതീക്ഷിച്ചിരുന്നു. യോസേഫ് ഒരു യെഹൂദസമിതിയിലെ അംഗവുമായിരുന്നു. മറ്റ് യെഹൂദ നേതാക്കള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചതിനോട് അയാള്‍ യോജിച്ചിരുന്നില്ല. 
52 യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്റെ മൃതശരീരം ചോദിച്ചു. പീലാത്തൊസ് അതിനനുവദിച്ചു. 
53 യോസേഫ് യേശുവിന്റെ മൃതശരീരം കുരിശില്‍ നിന്നിറക്കി തുണിയില്‍ പൊതിഞ്ഞു. എന്നിട്ടത് ഒരു പാറയില്‍ കുഴിച്ചുണ്ടാക്കിയ കല്ലറയില്‍ അടക്കം ചെയ്തു. ആ ശവക്കല്ലറ മുന്‍പാരും ഉപയോഗിച്ചിരുന്നില്ല. 
54 അത് ഒരുക്ക ദിവസമായിരുന്നു. സൂര്യനസ്തമിക്കുന്പോള്‍ ശബ്ബത്ത് ആരംഭിക്കും. 
55 യേശുവിനോടൊപ്പം ഗലീലയില്‍നിന്നു വന്ന സ്ത്രീകള്‍ യോസേഫിനെ പിന്തുടര്ന്നു. അവര്‍ കല്ലറയും അതില്‍ യേശുവിന്റെ ശരീരം വച്ച സ്ഥലവും കണ്ടു. 
56 അനന്തരം യേശുവിന്റെ ശരീരത്തില്‍ പൂശാന്‍ സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും ഒരുക്കാനവര്‍ പോയി. 
മോശെയുടെ കല്പന അനുസരിച്ച് ശബ്ബത്തു ദിവസം അവര്‍ വിശ്രമിച്ചു.