പൌലൊസും വ്യാജ അപ്പൊസ്തലന്മാരും 
11
1 എന്റെ അല്പമായ ബുദ്ധിഹീനത പൊറുക്കുവാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണമെന്നു ഞാനാശിക്കുന്നു. അതെ, ദയവായി ക്ഷമിക്കുക. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷമിച്ചിരിക്കുന്നു. 
2 ദൈവീകമായ അസൂയ എനിക്കു നിങ്ങളോടുണ്ട്. ക്രിസ്തു എന്ന ഏക പുരുഷന് ഞാന്‍ നിങ്ങളെ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. പരിശുദ്ധ കന്യകയായി ഞാന്‍ നിങ്ങളെ അവനു നല്കേണ്ടതിനു തന്നെ. 
3 എന്നാല്‍ നിങ്ങളുടെ ശുദ്ധവും, ഏക മനസ്സോടു കൂടിയതുമായ ക്രിസ്തുഭക്തിയില്‍ നിന്നും നിങ്ങളുടെ മനസ്സ് അകറ്റപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. ചതിയനായ സര്‍പ്പം ഹവ്വയെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിച്ചതുപോലെ അതു സംഭവിക്കാം. 
4 മറ്റൊരാള്‍ വന്ന് ക്രിസ്തുവിനെപ്പറ്റി ഞങ്ങള്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ പ്രസംഗിക്കുന്നതിനോട് നിങ്ങള്‍ക്കു വളരെ ക്ഷമയുണ്ട്. ഞങ്ങളില്‍ നിന്നും സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായി കിട്ടുന്ന ആത്മാവിനെയും സുവിശേഷത്തെയും നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ്. അങ്ങനെ ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നോട് ക്ഷമ കാട്ടണം. 
5 ആ “മഹാന്മാരായ അപ്പൊസ്തലന്മാര്” എന്നെക്കാള്‍ ഒട്ടും കൂടിയവരാണെന്നു ഞാന്‍ കരുതുന്നില്ല. 
6 ഞാന്‍ പരിശീലനം സിദ്ധിച്ച പ്രാസംഗികനല്ലെങ്കിലും എനിക്കു ദൈവീകമായ സത്യത്തെക്കുറിച്ച് അറിവുണ്ട്. കൂടാതെ പരിപൂര്‍ണ്ണമായ സത്യം ഞാന്‍ നിങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്. 
7 പ്രതിഫലമില്ലാതെ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചു. അതെ നിങ്ങളെ ഉയര്‍ത്താന്‍ ഞാന്‍ സ്വയം വിനീതനാക്കി. അതു തെറ്റായിരുന്നെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? 
8 ഞാന്‍ മറ്റു സഭകളില്‍ നിന്നും പ്രതിഫലം വാങ്ങി. നിങ്ങളെ ശുശ്രൂഷിക്കാനാണു ഞാന്‍ അവരുടെ പണം വാങ്ങിയത്. 
9 നിങ്ങളോടൊപ്പം ഇരുന്നപ്പോള്‍ എനിക്കു വേണ്ടിയിരുന്നതിനൊന്നും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചില്ല. മക്കൊദൊന്യയില് നിന്നു വന്ന സഹോദരന്മാര് എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി. ഏതു സാഹചര്യത്തിലും ഞാന്‍ നിങ്ങള്‍ക്കു ഇതുവരെ ഭാരമായിട്ടില്ല. ഇനിയും ഒരിക്കലും ഭാരമാകയുമില്ല. 
10 അക്കാര്യത്തില്‍ പുകഴ്ച പറയുന്നതില്‍ നിന്ന് ഒരു അഖായക്കാരനും എന്നെ തടയുകയില്ല. എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്തോടു കൂടിയാണ് ഞാനിതു പറയുന്നത്. 
11 എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമാകാത്തത്? നിങ്ങളോടെനിക്കു സ്നേഹമില്ലാഞ്ഞിട്ടാണിതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. ദൈവത്തിനറിയാം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന്. 
12 ഞാന്‍ ഇപ്പോഴത്തെ പ്രവൃത്തികള്‍ തുടരുകയും ചെയ്യും. പൊങ്ങച്ചം പറയുവാന്‍ ഒരു കാരണം കൊടുക്കാതെ അവരെ തടയുവാനാണ് ഞാനിതു തുടരുവാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്കും ഞങ്ങളെപ്പോലെ തന്നെ പ്രവര്‍ത്തിക്കാനുള്ള പ്രാപ്തിയുണ്ട് എന്നതിന്റെ പേരില്‍ അവര്‍ പൊങ്ങച്ചം പറയുന്നത് എനിക്കിഷ്ടമല്ല. 
13 അവര്‍ യഥാര്‍ത്ഥത്തില്‍ അപ്പൊസ്തലന്മാരല്ല. അവര്‍ നുണയന്മാരാണ്. തങ്ങള്‍ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്. 
14 ഞങ്ങള്‍ക്കതില്‍ അത്ഭുതമില്ലാത്തതെന്തുകൊണ്ടാണെന്നോ? സാത്താന് പോലും താന്‍ വെളിച്ചദൂതനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി സ്വയം മാറാറുണ്ട്. 
15 അതുകൊണ്ട് സാത്താന്റെ ദൂതന്മാര് ശരിയായതിനുവേണ്ടി പ്രവൃത്തിക്കുന്നവരാണു തങ്ങളെന്ന മട്ടില്‍ രൂപം ധരിച്ചാല്‍ തങ്ങള്‍ക്ക് അത്ഭുതമുണ്ടാവുകയില്ല. പക്ഷേ അവസാനം അവര്‍ ശിക്ഷിക്കപ്പെടും. 
തന്റെ കഷ്ടതകളെപ്പറ്റി പൌലൊസ് 
16 ഞാന്‍ നിങ്ങളോടു വീണ്ടും പറയുന്നു: ഞാനൊരു വിഡ്ഢിയാണെന്നാരും കരുതരുത്. എന്നാല്‍ ഞാനൊരു വിഡ്ഢിയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ വേണം നിങ്ങള്‍ എന്നെ സ്വീകരിക്കുവാന്‍. അപ്പോളെനിക്ക് കുറച്ചുകൂടി ആത്മപ്രശംസ നടത്താം. 
17 എനിക്ക് എന്നെപ്പറ്റി ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ആത്മപ്രശംസ ചെയ്യുന്നത്. പക്ഷേ എന്റെ ഈ ആത്മപ്രശംസയില് കര്‍ത്താവ് സംസാരിക്കുന്നതു പോലെയല്ല ഞാന്‍ സംസാരിക്കുന്നത്. ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ ആത്മപ്രശംസ നടത്തുന്നു. 
18 അനേകം പേര് തങ്ങളുടെ ലൌകിക ജീവിതത്തെച്ചൊല്ലി പുകഴ്ച പറയും. 
19 വിവേകമുള്ളവരായതുകൊണ്ട് നിങ്ങള്‍ക്ക് ബുദ്ധിശൂന്യരെ സന്തോഷമായി സഹിക്കാന്‍ പറ്റും! 
20 നിങ്ങളെ അടിമയാക്കുകയോ മുതലെടുക്കുകയോ തരമെന്നു കണ്ടു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരോടും നിങ്ങളേക്കാള്‍ കേമനെന്നു കരുതുന്നവരോടും, ചെകിട്ടത്തടിക്കുന്നവരോടും, നിങ്ങള്‍ ക്ഷമിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ക്ഷമിക്കാനാകുമെന്ന് എനിക്കറിയാം! നിങ്ങള്‍ നിങ്ങളെക്കാള്‍ മെച്ചപ്പെട്ടവരാണെന്നു കരുതുന്നവരോടും നിങ്ങള്‍ ക്ഷമ കാണിക്കുന്നു. 
21 ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും ഞാന്‍ “അശക്തനായിരുന്നു” എന്നു സമ്മതിക്കുന്നതിലും എനിക്കു ലജ്ജയുണ്ട്. 
എന്നാല്‍ അഭിമാനിക്കാന്‍ തക്ക ധൈര്യമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഞാനും അങ്ങനെ ധൈര്യവാനാകും. (ഒരു മണ്ടനെപ്പോലെയാണെന്റെ സംസാരം) 
22 ആ മനുഷ്യര്‍ എബ്രായക്കാരാണോ? ഞാനും അതേ. അവര്‍ യിസ്രായേല്ക്കാരാണോ ഞാനും അതേ. അവര്‍ അബ്രഹാമിന്റെ വംശക്കാരാണോ? ഞാനും അതു തന്നെ. 
23 അവര്‍ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നുവോ? ഞാനവനെ കൂടുതല്‍ ശുശ്രൂഷിക്കുന്നു. (ഇങ്ങനെയൊക്കെ പറയാന്‍ എനിക്കു കിറുക്കു തന്നെ.) അവരെക്കാള്‍ വളരെ കഠിനമായി ഞാന്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍ തവണ ഞാന്‍ തടങ്കലില്‍ കഴിഞ്ഞു. അവരെക്കാളേറെ മര്‍ദ്ദനം ഞാന്‍ സഹിച്ചു. പല തവണ ഞാന്‍ മരണത്തോടടുത്തു. 
24 അഞ്ചു തവണ യെഹൂദര്‍ തങ്ങളുടെ ശിക്ഷയായ 39ചാട്ടയടി എനിക്കു നല്കി. 
25 മൂന്നു വ്യത്യസ്ത സമയങ്ങളില്‍ എന്നെ വടികൊണ്ട് അടിച്ചു. ഒരിക്കല്‍ കല്ലേറേറ്റ് ഞാന്‍ മരിക്കാറായിരുന്നു. മൂന്നുപ്രാവശ്യം ഞാന്‍ കപ്പല്‍ ഛേദങ്ങളില്പ്പെട്ടു. അതിലൊരു തവണ ഒരു രാത്രിയും പിറ്റേദിവസവും ഞാന്‍ കടലില്‍ കഴിഞ്ഞു. 
26 വളരെ ദൂരം ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. നദികളിലും കള്ളന്മാര്ക്കു മുന്‍പിലും യെഹൂദര്‍ക്കിടയിലും ജാതികള്‍ക്കിടയിലും ഞാന്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. നഗരങ്ങളിലും വിജന പ്രദേശങ്ങളിലും കടലിലും ഞാന്‍ അപകടത്തിലായിട്ടുണ്ട്. തങ്ങള്‍ സഹോദരന്മാരാണെന്ന് നടിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര് അല്ലാത്തവരുമായവരുടെ ഇടയിലും ഞാന്‍ പെട്ടിട്ടുണ്ട്. 
27 കഠിനവും ക്ഷീണിപ്പിക്കുന്നതുമായ ജോലികള്‍ ഞാന്‍ ചെയ്തു. പലപ്പോഴും എനിക്ക് ഉറങ്ങാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ വിശന്നും, ദാഹിച്ചും വലഞ്ഞു. പലപ്പോഴും എനിക്കു ആഹാരം ലഭിച്ചില്ല. തണുപ്പത്തു ഞാന്‍ വസ്ത്രമില്ലാതിരുന്നു. 
28 മറ്റ് അനേകം പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് എല്ലാ സഭകളിലും എനിക്കുള്ള ശ്രദ്ധയാണ്. അവരെക്കുറിച്ച് എനിക്കെന്നും ഉത്കണ്ഠയാണ്. 
29 മറ്റൊരാള്‍ ദുര്ബ്ബലനാകുന്പോഴൊക്കെ എനിക്കും ദൌര്‍ബ്ബല്യം അനുഭവപ്പെടും. മറ്റൊരാള്‍ പാപത്തിലേക്കു നയിക്കപ്പെടുന്പോഴൊക്കെ എനിക്കു വിഷമമുണ്ടാകും. 
30 ഞാന്‍ അഭിമാനിക്കുന്നുവെങ്കില്‍ അത് ഞാന്‍ ദുര്‍ബ്ബലനാണെന്നു തെളിയിക്കുന്ന കാര്യങ്ങളുടെ പേരിലായിരിക്കും. 
31 ഞാന്‍ നുണ പറയുകയില്ലെന്നു ദൈവത്തിനറിയാം. കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവും ദൈവവുമായ അവനെ എന്നെന്നും വാഴ്ത്തുക. 
32 ഞാന്‍ ദമസ്ക്കൊസിലായിരുന്നപ്പോള്‍ എന്നെ തടവിലാക്കാന്‍ അരേതാരാജാവിന്റെ ഗവര്‍ണ്ണര്‍ നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി. 
33 എന്നാല്‍ എന്റെ ചില സുഹൃത്തുക്കള്‍ എന്നെ ഒരു കുട്ടയിലാക്കി, അവര്‍ കോട്ടമതിലിലെ ജനലിനുളളില്‍ കൂടി കുട്ട കടത്തി എന്നെ മെല്ലെ താഴോട്ടിറക്കി. അങ്ങനെ ഞാന്‍ രക്ഷപെട്ടു.